ലണ്ടന്‍: യുകെയില്‍ പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി അധികൃതര്‍. ഏറെ കാലയളവിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി. ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന എല്ലാവര്ക്കും ഒരു നിശ്ചിത തുക ഫീസ് വര്‍ധിപ്പിച്ചു എന്നുള്ളതാണ് സുപ്രധാന മാറ്റം. യുകെയില്‍ നിന്ന് പാസ്സ്പോര്‍ട്ടിനു അപേക്ഷിക്കുന്ന ഒരു മുതിര്‍ന്ന ആളിന് £75.50 ല്‍ നിന്ന് £82.50 ആയും കുട്ടികള്‍ക്ക് £49 ല്‍ നിന്ന് £53.50 ആയും അപേക്ഷ ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേനയുള്ള അപേക്ഷകള്‍ക്കും ഫീസില്‍ മാറ്റമുണ്ട്. മുതിര്‍ന്നവര്‍ക്ക് £85 ല്‍ നിന്ന് £93 ആയും കുട്ടികള്‍ക്ക് £ 58.50 ല്‍ നിന്ന് £ 64 ആയും ഫീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി മാസം 2 മുതലാണ് നടപടി പ്രാബല്യത്തില്‍ വരിക. ഇത് ഹോം ഓഫീസിനെ ഒരുപരിധിവരെ സഹായിക്കുമെന്നും, എല്ലാത്തിനും ഗവണ്മെന്റ് ഫണ്ടിനെ ആശ്രയിക്കുന്നതില്‍ നിന്നും മാറി കുറച്ച് തുക വകുപ്പിന് ഇതിലൂടെ ലഭിക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, അപേക്ഷകളുടെ ഫീസ് വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് വലിയ നേട്ടമില്ലെന്നാണ് ഔദ്യോഗിക വക്താക്കള്‍ പറയുന്നത്. പാസ്പോര്‍ട്ടിന്റെ പ്രോസസ്സിങ്ങിന് ആവശ്യമായ തുക മാത്രമാണിതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരാനും ഈ വര്‍ധന സഹായിക്കുമെന്നാണ് ചില ആളുകള്‍ വര്‍ധനയേ അനുകൂലിച്ചു സംസാരിക്കുന്നത്. പുതുതായി അപേക്ഷിക്കുകയോ പാസ്പോര്‍ട്ട് പുതുക്കുകയോ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫീസ് വര്‍ധനവ് ബാധകമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സ്റ്റാന്‍ഡേര്‍ഡ് അപേക്ഷകളില്‍ 95 ശതമാനത്തിലധികം പത്ത് ആഴ്ചയ്ക്കുള്ളില്‍ പ്രോസസ്സ് ചെയ്തതായി പാസ്പോര്‍ട്ട് ഓഫീസ് അറിയിച്ചു.