കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര റിസോര്‍ട്ടില്‍ അമ്മയ്ക്കൊപ്പം ഒന്നര വര്‍ഷത്തിലേറെ താമസിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം. അമ്മയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഹോട്ടലില്‍ താമസിച്ചതെന്നും മാസം 20,000 രൂപയായിരുന്നു വാടകയെന്നുമാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചിന്താ ജെറോം നല്കിയ വിശദീകരണം.
കോവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായി. തുടര്‍ന്ന് നടക്കാന്‍ പ്രയാസമുണ്ടായി. വീട്ടില്‍ ശുചിമുറിയുള്ള മുറിയുണ്ടായിരുന്നില്ല. അതിനാല്‍ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ആയുര്‍വേദ ചികിത്സ ആവശ്യമായിരുന്നു. തിരുവനന്തപുരത്തായിരുന്നു ചികിത്സ. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിക്കുന്ന അപാര്ട്മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു.
മാസ വാടക ഇരുപതിനായിരം രൂപയാണ് നല്‍കിയത്. ഹോട്ടല്‍ ഉടമയാണ് ഇരുപതിനായിരം രൂപ വാടകയായി നിശ്ചയിച്ചത്. അതാണ് നല്‍കിയത്. കുറച്ചു മാസം താനും കുറച്ചു മാസം അമ്മയുടെ പെന്‍ഷനില്‍ നിന്നുമാണ് നല്‍കിയത്. തന്റെ സ്വകര്യത പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ ചിന്താ ജെറോം പറഞ്ഞു. |