Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദൂരദര്‍ശനും ആകാശവാണിയും ഒരുമിപ്പിച്ച് ഹിന്ദുസ്താന്‍ സമാചാറിനെ നിയോഗിച്ച തീരുമാനം കാവിവല്‍ക്കരണമെന്ന് പിണറായി വിജയന്‍
Text by TEAM UKMALAYALAM PATHRAM
ദൂരദര്‍ശനും ആകാശവാണിയും ഉള്‍ക്കൊള്ളുന്ന പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസ്സായി സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദുസ്താന്‍ സമാചാറിനെ നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വാര്‍ത്തകളുടെ കാവിവല്‍ക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായിരുന്ന ശിവ്‌റാം ശങ്കര്‍ ആപ്‌തേ സ്ഥാപിച്ച ഹിന്ദുസ്താന്‍ സമാചാര്‍ എക്കാലവും സംഘപരിവാറിനായി പ്രവര്‍ത്തിച്ച വാര്‍ത്താ ഏജന്‍സിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


അധികാരത്തിലേറിയ കാലം മുതല്‍ പ്രസാര്‍ ഭാരതിയെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് സംഘപരിവാര്‍. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക്ക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവച്ച പ്രസാര്‍ ഭാരതി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിന്റെയും ഓര്‍ഗനൈസറിന്റെയും ഗ്രൂപ്പ് എഡിറ്ററായിരുന്ന ജഗദീഷ് ഉപാസനയെയാണ് പ്രസാര്‍ ഭാരതിയുടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി 2020ല്‍ കേന്ദ്രം നിയമിച്ചത്.

രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ പിടി ഐയുടെയും യുഎന്‍ഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാര്‍ ഭാരതി ആര്‍എസ്എസ് വാര്‍ത്താ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടത് എന്നാണ് വാര്‍ത്ത. വാര്‍ത്താമാധ്യമങ്ങളെ കോര്‍പ്പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദര്‍ശനെയും ആകാശവാണിയെയും പരിപൂര്‍ണമായും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതാണ്. വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് ഇംഗിതത്തിന്റെ പ്രയോഗവല്‍ക്കരണമാണിത്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയുകയും പ്രതിഷേധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window