Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
വായിലെ തൊലി എടുത്ത് മൂത്രനാളി സൃഷ്ടിച്ചു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പൂര്‍ണ വിജയം
Text by: Team Ukmalayalampathram
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് അത്യപൂര്‍വ ശസ്ത്രക്രിയ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. പി ആര്‍ സാജുവിന്റെ നേതൃത്വത്തിലാണ് ഈ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടന്നത്.

മൂത്രനാളിയുടെ തകരാര്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള കാട്ടാക്കട സ്വദേശിയായ 32 വയസുകാരിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിദേശത്തെയും ഇന്ത്യയിലെയും ചുരുക്കം ചില വലിയ ആശുപത്രികളില്‍ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമാണ്.

മൂത്രനാളിയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് 2013ല്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എന്നാല്‍ അസുഖത്തിന് ശമനമുണ്ടായില്ല. 2019 ല്‍ മൂത്രനാളിയില്‍ സ്റ്റെന്റ് സ്ഥാപിച്ചുവെങ്കിലും കാര്യമായ പ്രയോജനവുമുണ്ടായില്ല. വലത്തെ വൃക്കയുടെ പ്രവര്‍ത്തനവും കുറഞ്ഞു വന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ ശ്രമഫലമായി സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുള്ള നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മൂത്രനാളി കൃത്രിമമായി സൃഷ്ടിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.


താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ കൃത്രിമ മൂത്രനാളി തുന്നിച്ചേര്‍ക്കുന്നു
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ചു നീക്കിയ ശേഷം ബക്കല്‍ മുകോസാ എന്നറിയപ്പെടുന്ന വായ്ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിര്‍മിച്ച പുതിയ മൂത്രനാളി വിജയകരമായി വച്ചുപിടിപ്പിക്കുകയായിരുന്നു. ഏതാണ്ട് നാലു മണിക്കൂര്‍ സമയം മാത്രമാണ് ഈ ശസ്ത്രകിയയ്ക്കായി ചെലവഴിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്ന രോഗിയുടെ വൃക്കയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളജിലെ യൂറോളജി യൂണിറ്റ് -3 മേധാവി ഡോ. പി ആര്‍ സാജുവിനൊപ്പം ഡോ. എം കെ മനു, ഡോ. അണ്ണപ്പാ കമ്മത്ത്, ഡോ. ഹിമാംശു പാണ്ഡെ, ഡോ. സുധീര്‍, ഡോ. നാഗരാജ്, ഡോ. പൃഥ്വി വസന്ത്, ഡോ. അക്വില്‍, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. അരുണ്‍കുമാര്‍, ഡോ. കാവ്യ, ഡോ. ഹരി, ഡോ. ജയചന്ദ്രന്‍, നഴ്‌സുമാരായ രമ്യ, ഉദയറാണി, ജീന, മായ എന്നിവരും ടെക്‌നിക്കല്‍ സ്റ്റാഫുകളായ നിജിന്‍, പ്രവീണ്‍ എന്നിവരും പങ്കാളികളായി.
 
Other News in this category

 
 




 
Close Window