Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പുതിയ പാര്‍ലമെന്റ് മന്ദിരമോ ശവപ്പെട്ടിയോ, പുതിയ വിവാദം
reporter

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിവാദ ട്വീറ്റുമായി ആര്‍ജെഡി. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്താണ് സാമൂഹിക മാധ്യമത്തില്‍ ചിത്രം പങ്കിട്ടത്. ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, ഹോമ ചടങ്ങുകളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പൂജ. പൂര്‍ണകുംഭം നല്‍കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും പൂജാ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇതിനുശേഷം ഇന്നലെ തലസ്ഥാനത്തെത്തിച്ച ചെങ്കോലില്‍ പ്രധാനമന്ത്രി നമസ്‌കരിച്ചു. തിരുവാവടുതുറൈ പുരോഹിതര്‍ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. ചെങ്കോല്‍ പ്രാര്‍ത്ഥനാപൂര്‍വം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു.

ലോക്സഭ ഹാളില്‍ പ്രധാനമന്ത്രി നിലവിളക്കു തെളിയിച്ചു. തുടര്‍ന്ന് നരേന്ദ്രമോദി ശിലാഫലകം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനു ശേഷം സര്‍വമത പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി മടങ്ങി. ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി വീണ്ടും പാര്‍ലമെന്റ് മന്ദിരത്തിലെത്തിച്ചേരും. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. ഇതിനു പിന്നാലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. ഇതിനുശേഷം പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കും. പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിച്ചു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് വൈകീട്ട് മൂന്നു മണി വരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window