Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
വാഹനങ്ങളില്‍ മൃഗങ്ങള്‍ തല പുറത്തിട്ടാല്‍ 5000 പൗണ്ട് പോയിക്കിട്ടും
reporter

ലണ്ടന്‍: ബ്രിട്ടനില്‍ നല്ലൊരു ജോലി കരസ്ഥമാക്കി സെറ്റില്‍ ചെയ്ത നിങ്ങള്‍ക്ക് സായിപ്പന്‍മാരോട് മത്സരിച്ച് നല്ലൊരു വളര്‍ത്ത് നായയെ വാങ്ങി അതിനൊപ്പം കാറില്‍ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടാകുക സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ വിലയേറിയ വളര്‍ത്തുനായയെ വിലയേറിയ കാറില്‍ കയറ്റി നായയുടെ തല പുറത്തേക്കിടുവിച്ച് ഗമയില്‍ അടിച്ച് പൊളിച്ച് പോകുമ്പോള്‍ ഹൈവേ കോഡിലെ 57ാം നമ്പര്‍ നിയമം ഓര്‍ത്താല്‍ നന്നായിരിക്കും. വളര്‍ത്ത് മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടു പോകുമ്പോള്‍ അവ നിങ്ങളുടെയും മറ്റുള്ള ഡ്രൈവര്‍മാരുടെയും ശ്രദ്ധ തിരിക്കാതിരിക്കാനും കാഴ്ചക്ക് തടസമുണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നാണ് ഈ നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഈ ഹൈവേ കോഡ് പാലിക്കാതിരിക്കുന്നതിന്റെ പേരില്‍ നേരിട്ട് ഫൈന്‍ നിങ്ങള്‍ അടക്കേണ്ടി വരില്ലെങ്കിലും വളര്‍ത്ത് മൃഗങ്ങള്‍ വാഹനങ്ങളില്‍ നിന്ന് തല വെളിയിലേക്കിട്ട് സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസ് വണ്ടി നിര്‍ത്തിച്ച് നിങ്ങളില്‍ നിന്ന് 1000 പൗണ്ട് ഫൈനീടാക്കുമെന്ന് പ്രത്യേകം ഓര്‍ത്താല്‍ നന്നായിരിക്കും.

ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍ ഇതിനെ തുടര്‍ന്ന് ശ്രദ്ധയില്ലാത്ത വണ്ടിയോടിക്കല്‍ മുതലായ മറ്റ് ചാര്‍ജുകളും നിങ്ങള്‍ക്ക് മേല്‍ ചുമത്താനും അത് വഴി 5000 പൗണ്ട് പിഴ വരെ ഈടാക്കാനും വഴിയൊരുങ്ങുമെന്ന് പ്രത്യേകം ഓര്‍ക്കുക. വളര്‍ത്ത് മൃഗങ്ങള്‍ ശ്രദ്ധ തിരിച്ചതിന്റെ ഫലമായി വണ്ടിയുടെ നിയന്ത്രണം വിട്ട് അപകടത്തിന് വഴിയൊരുക്കിയാല്‍ അതിനെ തുടര്‍ന്ന് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന കടുത്ത നടപടിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വരെ ലഭിക്കാതിരിക്കുന്ന വിഷമകരമായ അവസ്ഥക്കും നിങ്ങള്‍ വിധേയരാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. കാറിന് വെളിയിലേക്ക് കാറ്റ് കൊള്ളാനായി തലയിട്ടിരിക്കുന്ന വളര്‍ത്ത് മൃഗങ്ങള്‍ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗിലെ ശ്രദ്ധ ഇല്ലാതാക്കാനും കാഴ്ചക്ക് ഭംഗം വരുത്താനും തുടര്‍ന്ന് അപകടങ്ങളുണ്ടാകാനും സാധ്യതയേറ്റുന്നതിനാലാണ് ഇത് സംബന്ധിച്ച പരിശോധനകളും പിഴകളും കര്‍ക്കശമാക്കിയിരിക്കുന്നത്. ഇക്കാരണത്താല്‍ വളര്‍ത്തു മൃഗങ്ങളെയും കൊണ്ട് വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അവയെ ബെല്‍റ്റില്‍ ബന്ധിപ്പിക്കുകയോ അല്ലെങ്കില്‍ കൂട്ടില്‍ ഇടുകയോ ചെയ്യണമെന്നാണ് ഹൈവേ കോഡ് നിഷ്‌കര്‍ഷിക്കുന്നത്. ഇതല്ലെങ്കില്‍ ഒരു സ്പെഷ്യല്‍ ഡോഗ് ഗാര്‍ഡുള്ള എസ്റ്റേറ്റ് കാറിന്റെ ബൂട്ടിലും ഇവയെ കൊണ്ടു പോകാമെന്ന് നിയമം നിര്‍ദേശിക്കുന്നു.

 
Other News in this category

 
 




 
Close Window