Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയുടെ റുവാണ്ട നയവുമായി മുന്നോട്ട് പോകുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍
reporter

ലണ്ടന്‍: യുകെയില്‍ എത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കയിലേക്ക് നാടുകടത്താന്‍ ഉള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കഴിഞ്ഞദിവസം ബ്രിട്ടീഷ് കോടതി വിധി ഉണ്ടായതിന് പിന്നാലെ, ആഭ്യന്തര സെക്രട്ടറി സര്‍ക്കാര്‍ തങ്ങളുടെ നയവുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച വ്യക്തമാക്കിയിരിക്കുകയാണ്. കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ വ്യക്തമാക്കി. പദ്ധതി അധാര്‍മികമാണെന്ന പ്രതികരണമാണ് ലേബര്‍ പാര്‍ട്ടിയും മുന്നോട്ടുവെച്ചത്. എന്നാല്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നതാണെന്നും, ആ നയത്തില്‍ തന്നെയാണ് തങ്ങള്‍ ഇപ്പോഴും തുടരുന്നതെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. വ്യാഴാഴ്ച കോടതി പുറപ്പെടുവിച്ച തീരുമാനം നിയമവാഴ്ചയുടെയും അടിസ്ഥാനനീതിയുടെയും ന്യായീകരണമാണെന്ന് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിച്ച ചാരിറ്റി സംഘടനയായ അസൈലം എയ്ഡ് വ്യക്തമാക്കി.

ഇംഗ്ലീഷ് ചാനലിലൂടെ ചെറിയ ബോട്ടുകളിലുള്ള ജനങ്ങളുടെ കുടിയേറ്റം തടയുവാനായുള്ള തീരുമാനത്തിന്റെ ഭാഗമായാണ് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ റുവണ്ടയിലേക്ക് അയക്കാനുള്ള പദ്ധതി ആദ്യമായി 2022 ഏപ്രിലില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ റുവാണ്ട സുരക്ഷിതമായ ഒരു മൂന്നാം ഇടമാണെന്ന് തെളിയിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞദിവസം കോര്‍ട്ട് ഓഫ് അപ്പീല്‍ നല്‍കിയ വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. റുവാണ്ടയിലേക്ക് അയയ്ക്കുന്ന അഭയാര്‍ഥികളെ പിന്നീട് അവര്‍ യഥാര്‍ത്ഥത്തില്‍ പലായനം ചെയ്ത രാജ്യത്തേക്ക് തന്നെ നിര്‍ബന്ധിച്ച് തിരിച്ചയക്കാനുള്ള സാധ്യതയുണ്ടെന്ന് കേസ് കേട്ട മൂന്ന് ജഡ്ജിമാരില്‍ രണ്ടുപേരും വിലയിരുത്തി. ഇതിനര്‍ത്ഥം യുകെ ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നയം ജനങ്ങളെ പീഡനത്തില്‍ നിന്ന് സംരക്ഷിക്കുന്ന യൂറോപ്യന്‍ മനുഷ്യാവകാശ ഉടമ്പടിക്ക് വിരുദ്ധമായി മാറുമെന്നും കോടതി കണ്ടെത്തി.

എന്നാല്‍ ഇത്തരമൊരു കോടതി തീരുമാനത്തിന്റെ അര്‍ത്ഥം റുവാണ്ട സുരക്ഷിതമല്ല എന്നതല്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. കോടതി വിധിയെ താന്‍ മാനിക്കുന്നുവെന്നും എന്നാല്‍ വിധി നിരാശാജനകമാണെന്നും സര്‍ക്കാര്‍ അതിനെതിരെ അപ്പീല്‍ നല്‍കുമെന്നും ആഭ്യന്തര സെക്രട്ടറി എംപിമാരോട് പറഞ്ഞു. സര്‍ക്കാരിന്റെ റുവാണ്ട നയം തികച്ചും അധാര്‍മികവും ചിലവേറിയതും നടക്കാത്തതുമാണെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മുഖം നിയമവിരുദ്ധരും കള്ളക്കടത്തുകാരുമെല്ലാം ചൂഷണം ചെയ്യുന്നുണ്ടെന്നും അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഈ നടപടി ആവശ്യമാണെന്നുമാണ് ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചത്.

 
Other News in this category

 
 




 
Close Window