Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ലണ്ടന്‍ ട്യൂബില്‍ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി മലയാളി നഴ്‌സുമാര്‍
reporter

ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ അണ്ടര്‍ ഗ്രൗണ്ട് ട്യൂബ് ട്രെയ്‌നില്‍ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി ആടിപ്പാടി ഓണമാഘോഷിച്ച് മലയാളി നഴ്‌സുമാര്‍. മലയാളത്തനിമയില്‍ സെറ്റുസാരിയണിഞ്ഞ അമ്പതോളം മലയാളി നഴ്‌സുമാര്‍ ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് കൗതുക കാഴ്ചയായി. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി ലണ്ടന്‍ ട്യൂബിലെ ഈ ഓണപ്പാട്ടും നൃത്തവും. സെന്‍ട്രല്‍ ലണ്ടനിലെ 'തോമസ് ആന്‍ഡ് ഗൈസ്' ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരും മറ്റു മലയാളി ഉദ്യോഗസ്ഥരുമാണ് ഇന്നലെ ആശുപത്രിയില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ആദ്യമായാണ് മലയാളികള്‍ക്ക് മാത്രമായി ഇത്തരമൊരു ആഘോഷത്തിന് ആശുപത്രി അധികൃതര്‍ ആശുപത്രി കോംപൗണ്ടില്‍ അനുമതി നല്‍കിയത്. ആഘോഷത്തിനു ശേഷം ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മലയാളി റസ്റ്ററന്റിലേക്ക് സദ്യയുണ്ണാനായി പോകവേയാണ് ട്രെയ്‌നുള്ളില്‍ പാട്ടുപാടിയും പാട്ടിനൊപ്പം താളം ചവിട്ടിയും ഇവര്‍ ആഘോഷത്തിന് മാറ്റുകൂട്ടിയത്. ലണ്ടന്‍ ബ്രിഡ്ജില്‍നിന്നും ജൂബിലി ലൈനില്‍ വെസ്റ്റ്ഹാം വരെയും പിന്നീട് ഡിക്‌സ്ട്രിക്ട് ലൈനില്‍ ഈസ്റ്റ്ഹാം വരെയുമാണ് 43 പേരുടെ സംഘം ട്രെയിനില്‍ ഓണാഘോഷത്തെ ഒരു ഘോഷയാത്രയാക്കിയത്. എസ്‌കലേറ്ററില്‍ ഇവര്‍ താളംവച്ചുകയറിയപ്പോള്‍ യാത്രക്കാര്‍ പലരും സുന്ദരമായ ഈ കാഴ്ച വിഡിയോയിലാക്കി. പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത വിഡിയോകള്‍ നിമിഷനേരംകൊണ്ടാണ് വൈറലായി.

നഴ്‌സുമാരും കെയറര്‍മാരും വിദ്യാര്‍ഥികളുമടക്കം ബ്രിട്ടനിലേക്കു കുടിയേറിയിട്ടുള്ള മലയാളികളും അവരുടെ കുടുംബാംഗങ്ങളും എല്ലാ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഓണമില്ലാത്ത ഒരു മൂലപോലും ബ്രിട്ടനില്‍ ഇല്ലാത്ത സ്ഥിതിയാണ്. ഈയാഴ്ചയാണ് ഏറ്റവും അധികം ഓണാഘോഷങ്ങള്‍ നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങള്‍ക്കു പിന്നാലെ ഉത്രാടദിനമായ തിങ്കളാഴ്ച ബ്രിട്ടനില്‍ ബാങ്ക് ഹോളിഡേ കൂടി ആയതോടെ ആഘോഷം പൊടിപൊടിക്കാനുള്ള തീരുമാനത്തിലാണ് മലയാളി സംഘടനകളും കൂട്ടായ്മകളും. കഴിഞ്ഞയാഴ്ച മുതല്‍ തന്നെ ആരംഭിച്ച അസോസിയേഷനുകളുടെ ഓണാഘോഷം ഇനി ഓക്ടോബര്‍ പകുതി വരെ നീളും. മലയാളികളുടെ സാന്നിധ്യം രാജ്യത്ത് എല്ലായിടത്തുമായതോടെ ദീപാവലിപോലെ ഓണവും ഇന്ത്യക്കാരുടെ വലിയ ആഘോഷമായി ബ്രിട്ടിഷുകാര്‍ക്കിടയില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. സെറ്റു സാരിയും കസവുമുണ്ടും ഉടുത്ത് പൊതുനിരത്തില്‍ കാണുന്നവരോട് ഇംഗ്ലിഷുകാര്‍ ഹാപ്പി ഓണം പറയുന്ന കാലമാണ് ബ്രിട്ടനില്‍.

 
Other News in this category

 
 




 
Close Window