Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
അഭയാര്‍ഥികള്‍ക്കായി നിര്‍മിച്ച ബിബി സ്റ്റോക്ക്‌ഹോമില്‍ തീപിടിത്ത സാധ്യത, പിന്നാലെ വലിയ വിമര്‍ശനം
reporter

ലണ്ടന്‍: അസൈലം സീക്കര്‍മാരെ പാര്‍പ്പിക്കാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇംഗ്ലണ്ടിലെ സൗത്ത് കോസ്റ്റില്‍ സജ്ജമാക്കിയ ബിബി സ്റ്റോക്ക് ഹോമില്‍ തീപിടിത്ത സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് സര്‍ക്കാരിന് പുതിയ തലവേദനയാകുന്നു. ഈ സംവിധാനത്തിലെ ഫയര്‍ സേഫ്റ്റി സാധ്യത ഉയര്‍ത്തിക്കാട്ടി ലോയേര്‍സ് ഫോര്‍ ദി ഫയര്‍ ബ്രിഗേഡ്സ് യൂണിയന്‍ (എഫ്ബി യു) നടത്താനൊരുങ്ങുന്ന നിയമനീക്കമാണ് സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പേകി ഹോം സെക്രട്ടറി സ്യുല്ല ബ്രാവര്‍മാന് എഫ്ബി യു കത്തയച്ചിട്ടുമുണ്ട്. ബിബി സ്റ്റോക്ക്ഹോമില്‍ പരിധിയില്‍ കവിഞ്ഞ് അസൈലം സീക്കര്‍മാരെ താമസിപ്പിക്കുന്നതും ഇവിടുത്തെ ഫയര്‍ എക്സിറ്റ് ആക്സസ് അപര്യാപ്തതകളുമാണ് ഇവര്‍ ഈ കത്തിലൂടെ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ വ്യാഴാഴ്ച വരെയാണ് സര്‍ക്കാരിന് സമയം നല്‍കിയിരിക്കുന്നത്. ഇവിടുത്തെ അസൈലം സീക്കര്‍മാരുടെ സുരക്ഷിതത്വത്തിന് വര്‍ധിച്ച മുന്‍ഗണനയാണ് നല്‍കി വരുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഡോര്‍സെറ്റിലെ പോര്‍ട്ട്ലാന്‍ഡ് പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിബി സ്റ്റോക്ക്ഹോം എന്ന മൂന്ന് നില ബാര്‍ജില്‍ 500 പേരെ പാര്‍പ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. യുകെയിലെ തങ്ങളുടെ അസൈലം അപേക്ഷകളിന്‍ മേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം കാത്തിരിക്കുന്ന അസൈലം സീക്കര്‍മാരെയാണ് ഇവിടെ പാര്‍പ്പിക്കാനൊരുങ്ങുന്നത്.

ഇവിടേക്കുള്ള ആദ്യ അന്തേവാസികള്‍ ഈ മാസം ആദ്യമായിരുന്നു ഈ ബാര്‍ജിലേക്കെത്തിയിരുന്നത്. എന്നാല്‍ ഇവിടെ ഗുരുത രോഗമുണ്ടാക്കുന്ന ലെജിയൊണെല്ല ബാക്ടീരിയ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഇവരെ അധികം വൈകാതെ ഇവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇവിടുത്തെ ഫയര്‍ സേഫ്റ്റി സാധ്യതകളെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ആഴ്ചകളോളം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച നിയമനടപടിക്കൊരുങ്ങുന്നതെന്നാണ് എഫ് ബിയു ജനറല്‍ സെക്രട്ടറി മാറ്റ് റാക്ക് വിശദീകരിച്ചിരിക്കുന്നത്. ബിബി സ്റ്റോക്ക്ഹോമില്‍ 222 പേര്‍ക്ക് താമസിക്കാനുളള കപ്പാസിറ്റി മാത്രമാണുളളതെന്നും എന്നാല്‍ അധിക ബെഡുകളിട്ട് ഇതിന്റെ കപ്പാസിറ്റി 506 പേര്‍ക്ക് താമസിക്കാനുള്ളതാക്കി മാറ്റിയതാണെന്നും ഇത് അപകടം ക്ഷണിച്ച് വരുത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ഹോം സെക്രട്ടറിക്കുളള കത്തില്‍ എഫ്ബിയു ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിന് അനുസരിച്ച് ബാര്‍ജിലെ ഫയര്‍ സേഫ്റ്റി എക്സിറ്റ് സംവിധാനങ്ങള്‍ ഉറപ്പാക്കാത്തത് കടുത്ത അപകടസാധ്യയുണ്ടാക്കുന്നുവെന്നും എഫ്ബിയു മുന്നറിയിപ്പേകുന്നു. ഇത്രയും ആളുകളെ പാര്‍പ്പിക്കാനൊരുങ്ങുന്ന ബാര്‍ജില്‍ വെറും മൂന്ന് ഫയര്‍ സേഫ്റ്റി എക്സിറ്റുകള്‍ മാത്രമാണുള്ളതെന്നും ഇതില്‍ ഒന്ന് ഉപയോഗശൂന്യമാണെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ബാര്‍ജില്‍ ജൂലൈയില്‍ നടത്തിയ ഫയര്‍ ചെക്കുകള്‍ പ്രകാരം ഇവിടെ കടുത്ത തീപിടിത്ത സാധ്യതയും സുരക്ഷാ ഭീഷണിയുമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് ഇവിടുത്തെ ലോക്കല്‍ അഥോറിറ്റിയിലെ ഒരു വ്യക്തി ടൈംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപിടിത്തം പോലുള്ള സാധ്യതയാണ് ഈ ബാര്‍ജിലുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പേകിയിരുന്നു. സര്‍ക്കാര്‍ ഇതിനെയെല്ലാം അവഗണിക്കുന്ന സാഹചര്യത്തിലാണ് എഫ്ബിയു നിയമയുദ്ധത്തിനൊരുങ്ങുന്നത്.

 
Other News in this category

 
 




 
Close Window