Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
പതിനാലാമത് യുക്മ ദേശീയ കലാമേള മാനുവല്‍ പ്രകാശനം ചെയ്തു
Text By: Alex Varghese (UUKMA National PRO & Coordinator)

യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണല്‍, ദേശീയ കലാമേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. കലാമേള മത്സരങ്ങള്‍ക്കുള്ള നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' ന്റെ ആദ്യ കോപ്പി സുപ്രസിദ്ധ വ്‌ളോഗര്‍ ശ്രീ. സുജിത് ഭക്തന്‍, യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറക്ക് നല്‍കി പ്രകാശനം ചെയ്തു. യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളന വേദിയില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍, വിശിഷ്ടാതിഥി കേംബ്രിഡ്ജ് ഡപ്യൂട്ടി മേയര്‍ ബൈജു വര്‍ക്കി തിട്ടാല, കലാമേള മാനുവല്‍ തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളായ ജയകുമാര്‍ നായര്‍, സണ്ണിമോന്‍ മത്തായി, ലിറ്റി ജിജോ എന്നിവരും സന്നിഹിതരായിരുന്നു. കാലോചിതമായി പരിഷ്‌കരിച്ച കലാമേള മാനുവലിലെ മാര്‍ഗ്ഗരേഖകളെ മുന്‍നിര്‍ത്തിയായിരിക്കും യുക്മ റീജിയണല്‍, ദേശീയ കലാമേളകള്‍ നടത്തപ്പെടുക. യുക്മ കലാമേള മാനുവല്‍ 2023 റീജിയണുകള്‍ വഴി അംഗ അസ്സോസ്സിയേഷനുകളിലേക്ക് ഇതിനോടകം എത്തിച്ച് കഴിഞ്ഞതായി യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു. മലയാളി പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ മാമാങ്കമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശീയ കലാമേളയില്‍ നൂറ്റി മുപ്പത്തിയാറ് അംഗ അസ്സോസ്സിയേഷനുകളില്‍ നിന്നുള്ള കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഒന്‍പത് റീജിയണുകളിലായി നടക്കുന്ന മേഖലാ കലാമേളകളില്‍ പങ്കെടുത്ത് യോഗ്യത നേടിയവരാണ് ദേശീയ കലാമേളയില്‍ മികവ് തെളിയിക്കുവാന്‍ എത്തുന്നത്. കലാകാരന്റെ ആശയാവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ക്രിയാപരമായ കഴിവുകള്‍ക്കും മുന്‍തൂക്കം നല്‍കുകയെന്ന ആഗ്രഹത്തോടെ, കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ കലാപരമായ ഉന്നമനത്തിന് വേദിയൊരുക്കുകയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് കലാമേള മാനുവല്‍ തയ്യാറാക്കിയതെന്ന് കലാമേള മാനുവല്‍ സമിതിയിലെ അംഗങ്ങളായ ജയകുമാര്‍ നായര്‍, സണ്ണിമോന്‍ മത്തായി, ലിറ്റി ജിജോ എന്നിവര്‍ പറഞ്ഞു. ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സാംസ്‌കാരിക വേദിയായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശീയ കലാമേള ഏറ്റവും ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പുകളിലാണ് യുക്മ ദേശീയ നേതൃത്വം.

 
Other News in this category

 
 




 
Close Window