ലണ്ടന്‍: ഏപ്രില്‍ മുതല്‍ കുടുംബങ്ങളുടെ ബജറ്റില്‍ 300 പൗണ്ട് വരെ ലാഭം കൈവരാന്‍ വഴിയൊരുങ്ങുന്നു. എനര്‍ജി ബില്ലുകളില്‍ മികച്ച ലാഭം സമ്മാനിക്കാന്‍ ഓഫ്ജെം എനര്‍ജി പ്രൈസ് ക്യാപ്പ് കുറയ്ക്കുന്നതാണ് ഉപകാരമായി മാറുന്നത്. സ്പ്രിംഗ് സീസണില്‍ പ്രൈസ് ക്യാപ്പില്‍ 16% കുറവാണ് വരുത്തുകയെന്നാണ് പ്രവചനങ്ങള്‍. ഏപ്രില്‍ മുതല്‍ ശരാശരി പ്രതിവര്‍ഷ ബില്ലുകള്‍ 1928 പൗണ്ടില്‍ നിന്നും 1620 പൗണ്ടിലേക്കാണ് താഴുകയെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ്സ് പ്രവചിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 40 പൗണ്ടെങ്കിലും കുറവ് വരുമെന്നാണ് ഡിസംബറില്‍ പ്രവചിച്ചിരുന്നത്.
ഇതിന് ശേഷം ജൂലൈ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ പ്രതിവര്‍ഷം 1497 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രവചനം. മുന്‍പത്തെ പ്രവചനമായ 1590 പൗണ്ടിലും താഴേക്ക് നിരക്കുകള്‍ പോകുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ്സ് ഇപ്പോള്‍ പ്രവചിക്കുന്നത്. ശരാശരി കുടുംബങ്ങളുടെ ബില്ലിനെ ബാധിക്കുന്ന ഓഫ്ജെം പ്രൈസ് ക്യാപ്പ് കുറയുന്നതോടെ ബില്ലുകളില്‍ പ്രതിവര്‍ഷം 300 പൗണ്ട് വരെയാണ് കുറവ് സംഭവിക്കുക. ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ യൂണിറ്റിന് ഈടാക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് പ്രൈസ് ക്യാപ്പ് പരിധി നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന ഉപയോഗത്തിന് കൂടുതല്‍ ബില്ലും നല്‍കേണ്ടി വരും. ഓരോ മൂന്ന് മാസത്തിലും വേണ്ടിവരുന്ന ചെലവുകള്‍ ആസ്പദമാക്കിയാണ് പ്രൈസ് ക്യാപ്പ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഡിഫോള്‍ട്ട്, വേരിയബിള്‍ താരിഫുകളിലുള്ള 29 മില്ല്യണ്‍ കസ്റ്റമേഴ്സിനെയാണ് ഓഫ്ജെം പ്രൈസ് ക്യാപ്പ് ബാധിക്കുന്നത്.