ലണ്ടന്‍: ഏതെങ്കിലും രീതിയില്‍ കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങള്‍ അവതരിപ്പിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രീതിയില്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ ലൈസന്‍സി ഏജന്‍സിയെ അറിയിക്കണം. പ്രായമായവര്‍ക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവര്‍ക്കും വെളിച്ചത്തിന്റെ വിവിധ തലങ്ങളില്‍ ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും. കാഴ്ചാ പരിമിതിയുള്ളവര്‍ രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാനുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത് . നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ 20 മീറ്റര്‍ അകലത്തില്‍ നിന്ന് മറ്റ് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ പറ്റുമോ എന്നാണ് പരിശോധിക്കുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയില്‍ പാസായാല്‍ മാത്രമേ യുകെയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. 2007 - 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാല്‍ 2022 - 23 വര്‍ഷത്തില്‍ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവില്‍ ഏകദേശം 5 ലക്ഷത്തില്‍ പരം ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകള്‍ക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.