Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ആലപ്പുഴയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്, കോഴിക്കോട് രാത്രിയും താപനില ഉയരും
reporter

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആലപ്പുഴയില്‍ ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കും. ആലപ്പുഴയ്ക്ക് പുറമേ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 - 4°C കൂടുതല്‍) ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴയ്ക്ക് പുറമേ കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും ഇന്ന് ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയുണ്ട്.



ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. മറ്റു നിര്‍ദേശങ്ങള്‍ ചുവടെ



പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.



ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.



ധാരാളമായി വെള്ളം കുടിക്കുക.



അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.



കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.



നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.



കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.



എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം



കേരളത്തില്‍ ഇന്നുമുതല്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ടയിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി അന്നേദിവസം പത്തനംതിട്ട ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window