ഐഎഎസ് ഓഫീസര്‍മാരായ എന്‍ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍. മല്ലു ഹിന്ദു ഐഎഎസ് എന്ന വാട്‌സപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരായ നടപടി. അതേസമയം, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലുമാണ് എന്‍ പ്രശാന്തിനെതിരായ നടപടി. ഇരുവര്‍ക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് നടപടി.
വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ചു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ ശുപാര്‍ശ. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണന്‍ മുന്‍പു നല്‍കിയ വിശദീകരണം. ഹാക്ക് ചെയ്തിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നു. |