പാലക്കാട്ടെ ഐതിഹാസിക വിജയത്തിനുശേഷം രാഹുല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രവാസി സമൂഹവും യുകെയിലേതാണ്. പിണറായി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ നിരന്തരം നടത്തിയ സമരങ്ങളെ തുടര്‍ന്ന് രാഹുലിനെ പോലീസ് അര്‍ദ്ധരാത്രിയില്‍ വീട് വളഞ്ഞിട്ടു അറസ്റ്റ് ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ അന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിന്റെ പാസ്പോര്‍ട്ട് അദ്ദേഹം എംഎല്‍എ ആയ ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ ലഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ രാഹുലിന്റെ വരവ് കാത്തിരിക്കയാണ് രാഹുലിന് സ്വീകരണം ഒരുക്കാന്‍ യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നായകനായി ഉയര്‍ന്നു വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, രാഷ്ട്രീയ വിജയ ശേഷം ആദ്യമായി നടത്തുന്ന വിദേശ സന്ദര്‍ശനം യുകെയിലേക്ക് ആണെന്നതിനാല്‍ അടുത്തിടെ രൂപീകൃതമായ ഒഐസിസി മേഖല, പ്രാദേശിക യൂണിറ്റുകള്‍ ആവേശ ഭരിതരാണ്. എന്നാല്‍ വെറും രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ടു എത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഏക പൊതുജന സമ്പര്‍ക്ക പരിപാടി കവന്‍ട്രിയില്‍ മാത്രമാണ്. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ വിദേശ പോഷക സംഘടനയായ ഒഐസിസി യുകെയുടെ കവന്‍ട്രി ഘടകവും ചുമതലയേല്‍ക്കുന്നു എന്ന പ്രത്യേകതയും ഉണ്ടെന്നു ദേശീയ പ്രെസിഡന്റ്റ് ഷൈനു മാത്യൂസ് വ്യക്തമാക്കി. ഒട്ടേറെ പാലക്കാട്ടുകാരുള്ള കവന്‍ട്രിയിലേക്ക് യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും രാഹുലിനെ കാണാനും വിശേഷം പങ്കിടാനും ആളുകള്‍ എത്തും എന്നതിന് രജിസ്ട്രേഷന്‍ നടത്താനുള്ള ആവേശം തന്നെ തെളിവായി മാറി.
മാഞ്ചസ്റ്റര്‍, ബോള്‍ട്ടന്‍, പീറ്റേര്‍ബറോ , നോര്‍ത്താംപ്ടണ്‍, ലണ്ടന്‍, കെന്റ്, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ നിന്നൊക്കെ രാഹുല്‍ ആരാധകരുടെ സാന്നിധ്യം ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ രൂപീകൃതമായ പത്തോളം ഒഐസിസി യൂണിറ്റുകളില്‍ നിന്നും ഒഐസിസി പ്രവര്‍ത്തകരെ എത്തിക്കാന്‍ ദേശീയ നേതൃത്വവും ഉണര്‍വോടെ രംഗത്തുണ്ട്.
കവന്‍ട്രിയിലെ പരിപാടിക്ക് ശേഷം മാഞ്ചസ്റ്ററിലേക്ക് യാത്രയാകുന്ന രാഹുല്‍ കേരളത്തില്‍ നിന്നും എത്തുന്ന നേതാക്കളെ സാക്ഷിയാക്കി ഒഐസിസി യുകെയുടെ ഓഫിസ് ഉത്ഘാടനവും പ്രിയദര്‍ശിനി ലൈബ്രറി ഹാളും യുകെയിലെ പ്രവാസി സമൂഹത്തിനായി സമര്‍പ്പിക്കും. ഹൃസ്വമായ ചടങ്ങുകളാണ് എല്ലായിടത്തും സംഘടിപ്പിക്കുന്നതെങ്കിലും രാഹുലിനെ കാണാനും ആവേശം പങ്കിടാനും എത്തുന്ന ഏവരുമായി കൂടിയകാഴ്ചയ്ക്ക് അവസരം ഒരുക്കുമെന്നും ഒഐസിസി ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയ ഭേദമെന്യേ മലയാളികളുടെ സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്ന യുവ നേതാവ് എന്ന വിശേഷണം സ്വന്തമാക്കുന്ന രാഹുല്‍ പാലക്കാട്ടെ വിജയ ശേഷം രാഷ്ട്രീയ എതിരാളികളുടെയും പേടിസ്വപ്നമായി മാറുകയാണ്. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തെ അതിജീവിച്ചാണ് രാഹുല്‍ ജയിച്ചു കയറിയത് എന്നാണ് അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയത്. മാത്രമല്ല ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാതെ പോയ കൂറ്റന്‍ ഭൂരിപക്ഷവും നേടി എന്നതും രാഹുലിനെ ശ്രദ്ധേയനാക്കുന്നു.
തിരക്കിട്ട ഷെഡ്യൂളും ആയി എത്തുന്ന രാഹുലിന്റെ മൂന്നാമത്തെയും അവസാനത്തെയും പൊതു പരിപാടി അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള സ്റ്റോക് ഓണ്‍ ട്രെന്റിലാണ്. ചരിത്രത്തിലാദ്യമായി ഒഐസിസി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിര്‍വഹിച്ച ശേഷം മത്സരം പൂര്‍ത്തിയാകാന്‍ നില്കാതെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. |