|
ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വകാര്യ സ്വത്തിനേക്കാള്‍ ആസ്തി ലണ്ടനിലെ അറബ് നിക്ഷേപകരായ അല്‍ത്താനിമാര്‍ക്കുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ലോകത്തെ പല വ്യവസായികള്‍ക്കും ലണ്ടനില്‍ സ്വന്തമായി വസ്തുകവകകളുണ്ട്. മലയാളി വ്യവസായി എംഎ യൂസഫലിയും ഇതില്‍പ്പെടും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ലണ്ടനില്‍ സ്വത്തുക്കളുണ്ടെന്നാണ് ജിബി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലണ്ടനിലെ മെയ്ഫയര്‍ ഏരിയ കുറച്ചുകാലമായി ചെറിയ ദോഹ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ബെര്‍ക്കെലെ, ക്ലാരിഡ്ജ്, കൊണാട്ട് എന്നി ആഡംബര ഹോട്ടലുകളുടെ ഉടമസ്ഥര്‍ ഖത്തറില്‍ നിന്നുള്ളവരാണ്. മെയ്ബൗണ്‍ ഹോട്ടല്‍ നടത്തുന്നത് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ത്താനിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ കെട്ടിടമായ ദി ഷാര്‍ദിന്റെ 95 ശതമാനം ഉടമസ്ഥാവകാശം അല്‍ത്താനിമാര്‍ക്കാണ്.
ബ്രിട്ടനിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സയ്ന്‍സ്ബറിയുടെ 14.3 ശതമാനം ഓഹരിയും ഖത്തറിന്റേതാണ്. ഖത്തര്‍ അമീറിന് മാത്രം 1.6 ബില്യണ്‍ പൗണ്ട് ആസ്തി ലണ്ടനിലെ ഭൂസ്വത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തേക്കാള്‍ അധികം ഖത്തര്‍ രാജകുടുംബത്തിനുണ്ട്. 2.4 ബില്യണ്‍ പൗണ്ടിന്റെ ആസ്തിയാണ് ലണ്ടനില്‍ ഖത്തര്‍ രാജകുടുംബത്തിനുള്ളത്. അമീര്‍ ശൈഖ് തമീമിന് മാത്രമായി 1.6 ബില്യണ്‍ പൗണ്ടിന്റെ സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. |