ലണ്ടന്‍: വിദേശത്ത് കഴിയുന്നവര്‍ക്കൊക്കെ ജീവിതം സുഖമാണ് എന്ന് പലരും പറയാറുണ്ടെങ്കിലും അങ്ങനെ ജീവിക്കുന്നവര്‍ക്കുമുണ്ട് അതിന്റേതായ കഷ്ടപ്പാടുകള്‍. അതില്‍ ഒരു പ്രധാന പ്രശ്‌നമാണ് ജീവിതച്ചിലവ്. ശമ്പളം കൂടുതല്‍ കിട്ടുന്നു എന്നതുപോലെ തന്നെ ചിലവും പല രാജ്യങ്ങളിലും കൂടുതലാണ്. അതുപോലെ വര്‍ഷങ്ങളോളം ലണ്ടനില്‍ താമസിച്ച ശേഷം ലണ്ടന്‍ വിടാനുള്ള കാരണങ്ങളെ കുറിച്ച് പറയുകയാണ് ഒരു ഇന്ത്യന്‍ യുവതി. പത്ത് വര്‍ഷത്തെ യുകെ വാസത്തിന് ശേഷം താനും കുടുംബവും യുകെ വിടുകയാണെന്നാണ് ഇന്ത്യന്‍ സംരംഭകയായ യുവതി പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ചെലവുകളും കരിയറിലടക്കമുള്ള വളര്‍ച്ചയില്ലായ്മയും പോലെയുള്ള കാരണങ്ങളാണ് പല്ലവി ചിബ്ബര്‍ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ വിശദീകരിക്കുന്നത്. ഏകദേശം 10 വര്‍ഷത്തെ ലണ്ടന്‍ ജീവിതത്തിനു ശേഷമാണ് താന്‍ ലണ്ടന്‍ വിടുന്നത്. എന്തിനാണ് ഇവിടം വിടുന്നത് എന്നറിയാന്‍ പലരും തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് എന്നും അവര്‍ പറയുന്നു. അങ്ങനെയാണ് കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
തനിക്കും ഭര്‍ത്താവിനും തോന്നുന്നത് ലണ്ടന്‍ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള നഗരമല്ല, മറിച്ച് അതിജീവനത്തിന് വേണ്ടിയുള്ള ഒരു നഗരമായി മാറിയിരിക്കുന്നുവെന്നാണ്. അതാണ് ഇവിടം വിടാനുള്ള പ്രധാന കാരണമെന്ന് പല്ലവി പറഞ്ഞു. യുകെയിലെ ജീവിതച്ചെലവിനെ കുറിച്ചാണ് അടുത്തതായി അവര്‍ പറയുന്നത്. ലണ്ടന്‍ ഇപ്പോള്‍ സഹിക്കാവുന്നതിലും അപ്പുറം ചെലവേറിയ നഗരമായിരിക്കുന്നു. ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലയായ ഡിഷൂമില്‍ താനും കുടുംബവും അടുത്തിടെ ഭക്ഷണം കഴിച്ചപ്പോള്‍ ബില്ല് വന്നത് 80 പൗണ്ട് (8,500 -ല്‍ അധികം) ആണ് എന്നും പല്ലവി പറയുന്നു. തനിക്ക് ലണ്ടന്‍ വളരെ അധികം ഇഷ്ടമാണ്. ശരിക്കും താനൊരു ലണ്ടന്‍ ഗേളാണ്. പക്ഷേ, ചെലവ് കൂടുന്നതും അതിജീവനത്തിനുള്ള പ്രയാസങ്ങളും അടക്കം യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കാന്‍ പറ്റില്ല എന്നും പല്ലവി പറയുന്നു. പല്ലവി പറഞ്ഞത് ശരിയാണ് എന്നാണ് പലരും കമന്റ് നല്‍കിയിരിക്കുന്നത്.