തൊടുപുഴ: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വിവാദപരാമര്‍ശം തിരുത്തി സിപിഎം നേതാവ് എം എം മണി. ''പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എന്റെയും നിലപാട്. അന്ന് വികാരാധീനമായ സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. അത് ശരിയായില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നു,'' എന്ന് മണി വ്യക്തമാക്കി.
വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കിയിട്ടും ജനവിധി പ്രതീക്ഷിച്ച രീതിയില്‍ വരാതിരുന്നതിനെ തുടര്‍ന്നാണ് അന്ന് പ്രതികരിച്ചതെന്നും, അത്തരത്തില്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞ നിലപാടിനോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാക്കളാരും വിളിച്ച് പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, ജനങ്ങളുടെ അവകാശങ്ങള്‍ യുഡിഎഫ് ഭരണകാലത്ത് അവഗണിക്കപ്പെട്ടിരുന്നുവെന്നും മണി ചൂണ്ടിക്കാട്ടി. ''പാവപ്പെട്ടവര്‍ക്ക് പെന്‍ഷനോ സഹായമോ, മലയോര കര്‍ഷകര്‍ക്ക് പട്ടയമോ ഒന്നും നല്‍കാതിരുന്നത് യുഡിഎഫിന്റെ ഭരണകാലത്ത് തന്നെയായിരുന്നു. അന്ന് നടന്ന സമീപനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സമരങ്ങള്‍ നടത്തിയിരുന്നു,'' അദ്ദേഹം പറഞ്ഞു.
മുമ്പത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഭരണകാലത്ത് ജനങ്ങളുടെ അവകാശങ്ങള്‍ നടപ്പിലായിരുന്നില്ലെന്നും, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നിന്നുവെന്നും മണി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കഠിന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ''കേരളം കണ്ട ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍. സമീപനത്തില്‍ തന്നെ പാളിച്ചയുള്ള നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസുകാരില്‍ എല്ലാവരും അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളോട് യോജിക്കുമെന്ന് കരുതുന്നില്ല,'' മണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ക്ഷേമപെന്‍ഷന്‍ വാങ്ങി 'ശാപ്പാട് കഴിച്ചവരാണ് നമ്മെതിരെ വോട്ടു ചെയ്തത്' എന്നായിരുന്നു എം എം മണിയുടെ വിവാദപരാമര്‍ശം. ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്ത് വന്ന് അത് തള്ളി. പിന്നീട് പാര്‍ട്ടി നിലപാടിനോട് യോജിക്കുന്നുവെന്ന് വ്യക്തമാക്കി എം എം മണി പ്രസ്താവന തിരുത്തുകയായിരുന്നു