ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ വിജയം വോട്ട് ചോരി, ഇവിഎം ക്രമക്കേട് ആരോപണങ്ങള്‍ക്കെതിരെ ആയുധമാക്കി ബിജെപി രംഗത്തെത്തി. യുഡിഎഫ് വിജയത്തെ ആഘോഷമാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
ബിജെപി ഐടി സെല്‍ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ രാഹുല്‍ ഗാന്ധി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റപ്പെടുത്തുകയും ഗൂഢാലോചന ആരോപിക്കുകയും ചെയ്യുന്നതായും, എന്നാല്‍ വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ മടിയില്ലാതെ സ്വീകരിക്കുന്നുവെന്നും മാളവ്യ ആരോപിച്ചു.
''ഒരു തെരഞ്ഞെടുപ്പ് ഫലം ഇഷ്ടപ്പെട്ട രീതിയില്‍ നടക്കാതെ വരുമ്പോഴെല്ലാം രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയും 'വോട്ട് ചോരി' എന്ന് ആരോപിക്കുകയും സംവിധാനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ വിജയങ്ങള്‍ വരുമ്പോള്‍ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വീകരിക്കുന്നു,'' മാളവ്യയുടെ പോസ്റ്റില്‍ പറയുന്നു.
ജനാധിപത്യത്തിന് പ്രത്യേക താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, വിജയങ്ങള്‍ ആഘോഷിക്കുന്ന സംവിധാനത്തെ തോല്‍ക്കുമ്പോള്‍ അപമാനിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും പൊതുജന വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രതിപക്ഷം ബദലാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്ഥിരതയും ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ടെന്നും, തെളിവുകളില്ലാതെ തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ സമഗ്രതയെയും ജനാധിപത്യ ധാര്‍മ്മികതയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും മാളവ്യ പറഞ്ഞു. പരാജയപ്പെടുമ്പോഴും ജനാധിപത്യ സ്ഥാപനങ്ങളെ ബഹുമാനിക്കുന്ന നേതൃത്വമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു