ലണ്ടന്‍: വിവാഹത്തിന് ശേഷം യുകെയിലെത്തിയ ഇന്ത്യന്‍ യുവതി ഹര്‍ഷിത ബെല്ല കൊല്ലപ്പെട്ട സംഭവത്തില്‍ യുകെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഹര്‍ഷിത ആഗ്രഹിച്ചിരുന്നുവെങ്കിലും, രാജ്യം വിടരുതെന്ന് പൊലീസ് നിര്‍ദേശിച്ചതാണ് മകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്താംപ്ടണ്‍ഷയര്‍ പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
2024 ഓഗസ്റ്റില്‍ കോര്‍ബിയിലെ വീട്ടില്‍ ഭര്‍ത്താവ് പങ്കജ് ലാംബ ആക്രമിച്ചെന്നാരോപിച്ച് 24 കാരിയായ ഹര്‍ഷിത പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം, നവംബര്‍ 10ന് ഹര്‍ഷിത ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച് പങ്കജ് ലാംബ കടന്നുകളഞ്ഞെന്നാണ് കേസ്. നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചത്. കൊലക്കേസില്‍ പങ്കജ് ലാംബയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹര്‍ഷിത ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സഹോദരി സോണിയ ദബാസ് പറഞ്ഞു. എന്നാല്‍ രാജ്യം വിടരുതെന്ന് പൊലീസ് നിര്‍ദേശിച്ചതിനാലാണ് അവള്‍ യുകെയില്‍ തുടരേണ്ടിവന്നതെന്നും കുടുംബം ആരോപിക്കുന്നു. ''അന്ന് അവള്‍ നാട്ടിലേക്ക് വന്നിരുന്നെങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു,'' സോണിയ ദബാസ് പറഞ്ഞു. ഹര്‍ഷിതയുടെ മരണത്തെ തുടര്‍ന്ന് ഗാര്‍ഹിക പീഡന പരാതികള്‍ കൈകാര്യം ചെയ്യുന്ന രീതിയിലും അപകടസാധ്യത വിലയിരുത്തുന്നതിലും പൊലീസിന്റെ വീഴ്ചകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.