കേംബ്രിഡ്ജ്‌ഷെയറിലെ ഹണ്ടിങ്ടന്‍ സ്റ്റേഷനില്‍ ട്രെയിനില്‍ ഉണ്ടായ കത്തിക്കുത്ത് ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. 9 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
'അക്രമികളുടെ കയ്യില്‍ കത്തിയുണ്ടായിരുന്നു' എന്നും 'രക്തം പുരണ്ട കയ്യുമായി ഒരാള്‍ ട്രെയിനില്‍ നിന്നു താഴേയ്ക്ക് വീഴുന്നത് കണ്ടു' എന്നും ഒരു ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞു. രക്തത്തില്‍ കുളിച്ച് നിരവധി യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടുന്നതും മറ്റൊരു ദൃക്സാക്ഷി വിവരിച്ചു.
പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ സംഭവത്തെ ആശങ്കാജനകമെന്ന് വിശേഷിപ്പിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ട്രെയിനിലുണ്ടായിരുന്നവരെ ബസ്സുകള്‍ വഴി സുരക്ഷിതമായി സ്റ്റേഷനില്‍നിന്ന് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡോണ്‍ കാസ്റ്ററില്‍നിന്ന് കിങ്‌സ് ക്രോസിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.