ലണ്ടന്‍: ബ്രിട്ടനിലെ വാടക നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. സൗത്ത് ലണ്ടനിലെ ഡള്‍വിച്ചിലുള്ള കുടുംബ വീട് കൗണ്‍സില്‍ ലൈസന്‍സ് ഇല്ലാതെ വാടകയ്ക്ക് നല്‍കിയതായാണ് ആരോപണം. ബ്രിട്ടനിലെ വിവിധ പ്രദേശങ്ങളിലായി ലാന്‍ഡ്ലോര്‍ഡുകള്‍ പാലിക്കേണ്ട 180 നിയമങ്ങളും 400 റെഗുലേഷനുകളുമാണ് നിലവിലുള്ളത്. വീട് നിലകൊള്ളുന്ന പ്രദേശത്തെ നിയമപ്രകാരം സെലക്ടീവ് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ലെറ്റിംഗ് ഏജന്‍സുകള്‍ റീവ്സിന്റെ ഭര്‍ത്താവിന് അയച്ച ഇമെയിലില്‍ വ്യക്തമാക്കിയിരുന്നു.
ലൈസന്‍സ് വേണമെന്ന് അറിയില്ലായിരുന്നു എന്ന റീവ്സിന്റെ വാദം ഇമെയില്‍ തെളിവുകള്‍ വെളിപ്പെടുത്തിയതോടെ തളളപ്പെട്ടിരിക്കുകയാണ്. അബദ്ധം പിണഞ്ഞതായി റീവ്സ് സമ്മതിച്ചെങ്കിലും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചാന്‍സലറെ സംരക്ഷിക്കാനുള്ള നിലപാട് തുടരുകയാണ്. വിഷയത്തെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ 38,000 പൗണ്ട് വാടകയായി നല്‍കിയവര്‍ക്ക് തുക തിരികെ നല്‍കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ഗ്യാസ് സുരക്ഷാ ഇന്‍സ്പെക്ഷന്‍ പോലുള്ള നിര്‍ബന്ധിത നടപടികള്‍ പാലിക്കാതിരുന്നാല്‍ 6000 പൗണ്ട് വരെ പിഴയും ആറ് മാസം വരെ ജയിലുശിക്ഷയും ലഭിക്കാവുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് റീവ്സിന്റെ വീട് ലൈസന്‍സ് ഇല്ലാതെ വാടകയ്ക്ക് നല്‍കിയതിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നത്.
ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന റീവ്സിനു ധനകമ്മിയും ടാക്‌സ് ഭാരവും വെല്ലുവിളിയാകുമ്പോഴാണ് ഈ വിവാദം രാഷ്ട്രീയമായി പ്രാധാന്യം നേടുന്നത്. രാജകുമാരന്‍ ആന്‍ഡ്രൂവിന്റെ പട്ടം പിടിച്ചെടുത്ത വാര്‍ത്തയില്‍ രാജ്യത്തിന്റെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നതിന്റെ ആശ്വാസത്തിലാണ് ഡൗണിംഗ് സ്ട്രീറ്റ്.