ലണ്ടന്‍: യുകെയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ വലിയ തോതില്‍ മാറിമറിയുന്നുവെന്ന് ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ പുതിയ അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നു. ഗ്രീന്‍സ് പാര്‍ട്ടി 17 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തിയതോടെ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും (ടോറികള്‍) പ്രതിസന്ധിയിലായി.
റിഫോം യുകെ 32 ശതമാനം വോട്ടുകള്‍ നേടി സര്‍വ്വേയില്‍ മുന്നേറ്റം തുടരുകയാണ്. ഒക്ടോബര്‍ ആദ്യം മുതല്‍ ഗ്രീന്‍സ് പാര്‍ട്ടിക്ക് അഞ്ച് ശതമാനം പോയിന്റ് വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ മാസത്തില്‍ ലേബര്‍ പാര്‍ട്ടിക്കും റിഫോം യുകെയ്ക്കും മൂന്ന് പോയിന്റ് വീതം നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേബര്‍ പാര്‍ട്ടിയും ടോറികളും 16 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ ടോറികള്‍ക്ക് രണ്ട് പോയിന്റ് ഉയര്‍ത്താനായിട്ടുണ്ട്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്.
ഗ്രീന്‍സ് പാര്‍ട്ടിയുടെ മുന്നേറ്റം മറ്റ് പ്രധാന പാര്‍ട്ടികളെ അത്ഭുതത്തിലാഴ്ത്തിയിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ പുനഃപരിശോധിക്കേണ്ട സാഹചര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.