Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലാരിവട്ടത്ത് അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി
reporter

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി രംഗത്തെത്തി. മനപ്പൂര്‍വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയും മാനസികസമ്മര്‍ദ്ദവും കാരണം അറിയാതെ സംഭവിച്ചതാണെന്നും പെണ്‍കുട്ടി വിശദീകരിച്ചു. എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545ന് സമീപമുള്ള 'മൈഥിലി' കെട്ടിടത്തിന് മുന്നില്‍ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ അത്തപ്പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പോയ സമയത്തായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ ബിഎന്‍എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടി നേരിട്ട് വിശദീകരണവും മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

സംഭവം മനപ്പൂര്‍വമല്ലെന്നും മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. മാനസികസമ്മര്‍ദ്ദത്തിനിടെ സംഭവിച്ച അബദ്ധമാണെന്നും വിഷയം വലിയ വിവാദമായതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി. താന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നുവെന്നും ഹിന്ദു സമൂഹത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. താനും ഒരു മലയാളിയാണെന്നും ഓണാഘോഷത്തോടോ അത്തപ്പൂക്കളത്തോടോ വിരോധമില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മാതാവിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും തെറ്റ് പൂര്‍ണമായും തന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്നും പെണ്‍കുട്ടി പറഞ്ഞു.

 
Other News in this category

 
 




 
Close Window