Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പിണറായിയെ ധീരനായി കണ്ട വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു, ചെങ്കൊടി ചങ്കില്‍ ചേര്‍ത്തു പിടിച്ചവനായിരുന്നു: എന്നിട്ടുമെന്തേ അവന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്തു...?
reporter
ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് വഴിയില്‍ കൈകാര്യം ചെയ്ത രീതിക്ക് ന്യായീകരണമില്ലാത്ത അവസ്ഥയിലാണ് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍. അവര്‍ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കാരണം, ജിഷ്ണു പാര്‍ട്ടിയെ സ്‌നേഹിച്ചിരുന്ന വിദ്യാര്‍ഥിയാണ്. പിണറായിയെ 'ആരാധനയോടെ' കണ്ടിരുന്ന കുട്ടിയാണ്. ജിഷ്ണു ആത്മഹത്യ ചെയ്തപ്പോള്‍, ജിഷ്ണു ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ആ കുട്ടിയുടെ എതിരായതിനു കാരണം എന്ത്? എന്താണ് ജിഷ്ണു ആത്മഹത്യ ചെയ്യാനുള്ള കാരണം? ഇതൊക്കെയാണ് ജിഷ്ണുവിന്റെ അമ്മ കേരളത്തിലെ സര്‍ക്കാരിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നത്. അതിനായി പോലീസ് ആസ്ഥാനത്തേക്ക് പോയപ്പോള്‍ അവരെ തെരുവില്‍ വലിച്ചിഴച്ചു. പോലീസിന്റെ ദാര്‍ഷ്ട്യം മുഴുവന്‍ കാണിച്ചു. ഇതെല്ലാം സംഭവിച്ചത് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ അറുപതാം വാര്‍ഷിക ദിനത്തിലാണ് എന്നത് ആ പാര്‍ട്ടിയെ ഇപ്പോഴും, ഇപ്പോഴും ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടാകില്ലേ?
ജിഷ്ണുവും ആ കുട്ടിയുടെ അമ്മയും അടിയുറച്ചുവിശ്വസിച്ചിരുന്ന പ്രസ്ഥാനം നയിക്കുന്ന സര്‍ക്കാരിലും പോലീസിലും അവിശ്വാസം തോന്നിയപ്പോഴാണ് മഹിജയെന്ന അമ്മയ്ക്ക് തെരുവിലിറങ്ങേണ്ടി വന്നത്.
ജിഷ്ണു പ്രണോയിയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളിലും ഒരു കാര്യം വ്യക്തമാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ നടപ്പാക്കുന്ന മനുഷ്യത്വരഹിത അജണ്ടകള്‍ക്കെതിരെ മുന്നില്‍ നിന്ന് എതിര്‍ത്തയാളാണ് ഈ പത്തൊമ്പതുകാരന്‍. പരീക്ഷയ്ക്ക് തയ്യാറെടുക്കാനും പഠനത്തിനുമായി കൂടുതല്‍ സമയം വേണ്ടതുണ്ടെന്ന് കാട്ടി അത് നേടിയെടുക്കുന്നതിനും ഒപ്പമുള്ളവരെ സംഘടിപ്പിക്കാനും അത് അധികാരകേന്ദ്രങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളായിരുന്നു ജിഷ്ണു. എസ് എഫ് ഐയെയും മാധ്യമങ്ങളെയും വിദ്യാഭ്യാസ മന്ത്രിയെയും ഇക്കാര്യത്തിനായി ജിഷ്ണു സമീപിച്ചിരുന്നു. മികച്ച രീതിയില്‍ പഠിച്ചുമുന്നേറി തന്നെ ലക്ഷ്യങ്ങളിലെത്തുന്നതിന് വേണ്ടിയായിരുന്നു ഈ ശ്രമങ്ങളെന്ന് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

'അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്‌സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു. അവസാനമായി അവന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയ്യില്‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു.' ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു.
 
Other News in this category

 
 




 
Close Window