Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ റീജിയണല്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍
ഫാ. ബിജു കുന്നയ്ക്കാട്ട്
യുകെയിലുള്ള പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നേതൃത്വം നല്‍കുന്ന ഒക്ടോബറിലെ ‘അഭിഷേകാഗ്‌നി’ ധ്യാനത്തിനൊരുക്കമായുള്ള റീജിയണല്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍ ആരംഭിക്കുന്നു. രൂപതയിലെ 8 റീജിയനുകള്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ വച്ചായിരിക്കും ഈ ധ്യാനങ്ങള്‍ നടക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
ബ്രിസ്റ്റോള്‍ , ലണ്ടന്‍ , ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍ , ഗ്‌ളാസ്‌ഗോ, പ്രെസ്റ്റണ്‍ , ബര്‍മ്മിങ്ഹാം, സൗത്താംപ്റ്റണ്‍ എന്നിവടങ്ങളില്‍ ജൂണ്‍ 6 മുതല്‍ 20 വരെ നടക്കുന്ന കണ്‍വന്‍ഷനുകളില്‍ പ്രസിദ്ധ വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍, റെജി കൊട്ടാരം എന്നിവര്‍ വചന ശുശ്രൂഷ നയിക്കും. ഒക്ടോബര്‍ മാസത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണ്‍ തലത്തില്‍ ഒരുക്ക ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.

ഈ ധ്യാനങ്ങളുടെ ആത്മീയ വിജയത്തിനായും വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങുന്നതിനായും ഓരോ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലും മധ്യസ്ഥാ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയുടെ എട്ടു വിവിധ റീജിയനുകളിലായി ധ്യാനം ഒരുക്കിയിരിക്കുന്നതിനാല്‍, രൂപതയുടെ എല്ലാ ഭാഗത്തുമുള്ളവര്‍ക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള റീജിയനുകളില്‍ പോയി സംബന്ധിക്കുവാനും അത് വഴി കൂടുതല്‍ പേര്‍ക്ക് ഈ ധ്യാനശുശ്രൂഷകളുടെ നല്ല ഫലങ്ങള്‍ സ്വീകരിക്കുവാനും ഇടയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രൂപതാധ്യക്ഷന്‍ രക്ഷാധികാരിയും വികാരി ജനറാളുമായ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ജനറല്‍ കോ ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് പ്രാദേശിക കോ ഓര്‍ഡിനേറ്റര്‍മാരായി നിയമിതരായിരിക്കുന്ന വൈദികരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

രൂപതാ കുടുംബം ഒരുമിച്ചിരുന്ന് ദൈവവചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്പര്യപൂര്‍വ്വം പങ്ക് ചേരണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window