|
കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25603 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 25363 വീടുകളിലും 237 പേര്‍ ആശുപത്രികളിലും ഉണ്ട്.
പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതചടങ്ങുകള്‍ ഒഴിവാക്കാമെന്ന ഉറപ്പ് മതനേതാക്കള്‍ നല്‍കിയിട്ടുണ്ട്. ജാഗ്രത കര്‍ശനമാക്കണം. വിവിധ മതനേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ആള്‍ക്കൂട്ടമില്ലാതെ നടത്തണം. ഞായറാഴ്ച കുര്‍ബാകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണം. മദ്രസകളിലെ പരീക്ഷകള്‍ നടത്തുന്നതിന് തടസമില്ല.
ഉല്‍സവങ്ങളും പൊങ്കാലകളും ചടങ്ങുകളില്‍ ഒതുക്കണം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആളുകളെ കുറയ്ക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. പൊതുനിയന്ത്രണങ്ങള്‍ അനുസരിച്ച് ക്രമീകരണം ഉറപ്പാക്കാന്‍ ജില്ലാഭരണകൂടത്തിന് ചുമതല നല്‍കി. ജില്ലകളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. |