|
കോവിഡ് 19 രോഗികളെ തിരിച്ചറിയുന്നതിനുള്ള ഒരു പുതിയ ലക്ഷണത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ യൂറോപ്പിലെയും അമേരിക്കയിലെയും ത്വക്‌രോഗ വിദഗ്ദ്ധര്‍ എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍, ഇറ്റലിയിലെ ചില ത്വക്‌രോഗ വിദഗ്ദ്ധര്‍ കോവിഡ് 19 രോഗികളുടെ കാല്‍വിരലുകളിലും കാലുകളിലും വീക്കം കണ്ടെത്തി, പ്രത്യേകിച്ചും കൊറോണ വൈറസ് ബാധിച്ച കുട്ടികളിലും ചെറുപ്പക്കാരിലും. കോവിഡ് 19 ബാധിച്ചവരുടെ അവയവത്തിന്റെ നിറം മാറുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഈ അവസ്ഥ ഫ്രോസ്റ്റ്‌ബൈറ്റ് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) അല്ലെങ്കില്‍ പെര്‍ണിയോ പോലെയാണ്, ഇത് ധ്രുവ, ഉപധ്രുവ പ്രദേശങ്ങളില്‍ കഠിനമായ ശൈത്യകാലത്ത് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഇവിടെ കാല്‍വിരലുകളിലെ രക്തക്കുഴലുകള്‍ക്ക് വീക്കം കൂടുകയും കാല്‍വിരലുകള്‍ക്ക് ഗുരുതരമായ രോഗാവസ്ഥയുണ്ടാകുകയും ചെയ്യും.
ഇറ്റലിയില്‍ കോവിഡ് 19 രോഗികളുടെ ഉയര്‍ന്ന സാന്ദ്രത ഉള്ള പ്രദേശങ്ങളില്‍ ഈ ലക്ഷണം കൂടുതലായി കണ്ടുവരുന്നതിനാലാണ് ഈ അവസ്ഥയ്ക്ക് 'കോവിഡ് ടോസ്' ('കോവിഡ് കാല്‍വിരലുകള്‍') എന്ന് വിളിപ്പേരുണ്ടായത്.
ബോസ്റ്റണ്‍ പോലെ യുഎസില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബാധിച്ച പ്രദേശങ്ങളില്‍ നിന്നും ഇതേ 'കോവിഡ് ടോസ്' അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഇപ്പോള്‍ 'കോവിഡ് ടോസ്' ലക്ഷണങ്ങളുമായി വരുന്ന കുട്ടികള്‍ക്ക് കൊറോണ വൈറസ് പരിശോധനകള്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. |