|
സംസ്ഥാനത്തു തന്നെ ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് സ്ഥാപിച്ചത് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലാണ്. തുടര്‍ന്നാണ് ജില്ലയില്‍ രോഗം ഭേദമായ രോഗികളില്‍ നിന്ന് സ്വീകരിച്ച പ്ലാസ്മ ഉപേയാഗിച്ച് കോവിഡ് രോഗികളില്‍ തെറാപ്പി ആരംഭിച്ചത്.
കോവിഡ് രോഗബാധിതരായി കഴിഞ്ഞമാസം 18ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് തൊണ്ടര്‍നാട് സ്വദേശികള്‍ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടര്‍നാട് സ്വദേശി ജിനീഷ്.യു (30), സഹോദരന്‍ അനീഷ് (33) എന്നിവരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.
ആരോഗ്യവകുപ്പിന് അഭിമാന നേട്ടമായി മാറി ജില്ലയില്‍ പ്ലാസ്മ തെറാപ്പി വിജയം. ജില്ല കളക്ടര്‍ അദീല അബ്ദുള്ള പൂച്ചെണ്ടുകള്‍ നല്‍കി ഇരുവരെയും യാത്രയയച്ചു. ചികിത്സയിലെ വിജയം ആരോഗ്യവകുപ്പിന്റെ പൊന്‍തൂവലെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞമാസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.
അഭിമാനകരമായ വിജയം നേടിയ മെഡിക്കല്‍ ടീമിനെ ഡി.എം.ഒ അഭിനന്ദിച്ചു. ഡോ.സജേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് തെറാപ്പിക്ക് നേതൃത്വം നല്‍കിയത്. |