Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
മതം
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മഹാനവമി-വിജയദശമി ആഘോഷങ്ങള്‍ 24, 25 തീയതികളില്‍
Reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മഹാനവമി- വിജയദശമി ആഘോഷങ്ങള്‍ ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി വിപുലമായി നടത്തും. വിജയത്തിന്റേയും ധര്‍മ്മ സംരക്ഷണത്തിന്റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അ ടുത്ത മൂന്ന് നാള്‍ ലക്ഷിമിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ പ്രാധാന്യം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പ്രതിവര്‍ഷം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള കുരുന്നുകളുടെ വിദ്യാരംഭം ഈ വര്‍ഷം നടത്തുവാന്‍ സാധിക്കുന്നതല്ലെന്നു സംഘടകര്‍ അറിയിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒന്നാം ദിവസം ശനിയാഴ്ച, കേരളത്തിന്റെ തനതു ശാസ്ത്രീയ കലകളില്‍ ഒന്നായ നങ്ങ്യാര്‍ക്കൂത്ത് ഫേസ്ബുക് ലൈവ് ആയി അവതരിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തില്‍നിന്നു വേറിട്ട് ക്ഷേത്രങ്ങളില്‍ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാര്‍ക്കൂത്ത്.

പ്രശസ്ത നങ്ങ്യാര്‍ക്കൂത്ത് കലാകാരി കലാമണ്ഡലം കൃഷ്‌ണേന്ദു അവതരിപ്പിക്കുന്ന കൂത്തിന് അകമ്പടിയേകുന്നത് പ്രശസ്ത മിഴാവ് കലാകാരന്‍ കലാമണ്ഡലം ധനരാജനാണ്. കേരള കലാമണ്ഡലം കല്പിതസര്‍വ്വകലാശാലയില്‍ നിന്ന് 10 വര്‍ഷത്തെ കൂടിയാട്ട പഠനം ബിരുദാനന്തര ബിരുദത്തോടെ പൂര്‍ത്തിയാക്കിയ കലാമണ്ഡലം കൃഷ്‌ണേന്ദുവിന്, സി. അച്ചുതക്കുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റ്, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്‌കോളര്‍ഷിപ്പ്, കെ.പി.നാരായണപ്പിഷാരോടി സ്മാരക സുവര്‍ണ്ണ മുദ്ര, ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട് . കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ കൂടിയാട്ടത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അവിടെ താല്ക്കാലിക അദ്ധ്യാപികയാണ് കലാമണ്ഡലം കൃഷ്‌ണേന്ദു.

കേരള കലാമണ്ഡലത്തില്‍ നിന്ന് പോസ്റ്റുഡിപ്ലോമ യോടു കൂടി മിഴാവ് പഠനം പൂര്‍ത്തിയാക്കിയ കലാമണ്ഡലം ധനരാജന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്‌കോളര്‍ഷിപ്പ്, കേരള സംഗീത നാടക അക്കാദമി യുവപ്രതിഭാ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍ കൂത്ത്, കൂടിയാട്ടം എന്നിവയ്ക്ക് പശ്ചാത്തല വാദകനായി പ്രവര്‍ത്തിച്ചിട്ടുള്ളതിനു പുറമെ മിഴാവ് മേളം, മിഴാവില്‍ തായമ്പക എന്നിവയും സമകാലിക നാടകാവതരണങ്ങള്‍ക്ക് പിന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.നരസിംഹാവതാരം കഥയെ ആസ്പദമാക്കിയുള്ള സോദാഹരണ പ്രഭാഷണം ഒക്ടോബര്‍ 24 ശനിയാഴ്ച, യുകെ സമയം വൈകിട്ട് 5 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 9:30) ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യും.

രണ്ടാം ദിവസം ഒക്ടോബര്‍ 25 ന്, യുകെ സമയം വൈകിട്ട് 4 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 8 :30) താനവട്ടത്തിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന പ്രശസ്ത കുത്തിയോട്ട സംഗീത സാമ്രാട്ട് വി വിജയരാഘവകുറുപ്പ് അവതരിപ്പിക്കുന്ന ലളിതാമൃതം സംഗീത സന്ധ്യ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

പേള ജി ശങ്കരകുറുപ്പില്‍ നിന്നും നാല്‍പ്പതു വര്‍ഷം മുന്‍പ് ശിഷ്യത്വം സ്വീകരിച്ച വിജയരാഘവകുറുപ്പ് ആദ്യകാലത്ത് കുത്തിയോട്ട ചുവടുകലനക്കിയെങ്കിലും പിന്നീട് അദ്ദേഹം കാലത്തിന്റെ അനിവാര്യതയെന്നപോലെ കുത്തിയോട്ട കമ്മികള്‍ രചിച്ചു സംഗീതം നല്‍കി ഭഗവതികളങ്ങളില്‍ ആലപിച്ചു ഒരു നാടിന്റെ തന്നെ ആത്മാവിലേയ്ക്ക് നിസ്തൂല പ്രകാശം നല്കി വിളങ്ങി കൊണ്ടിരിക്കുന്നു.ഉത്തുംഗമായ രചനാപാടവം, ഉദാത്തമായ സംഗീതസന്നിവേശം, ഉജ്വലവും അനുഗ്രഹീതവുമായ ആലാപനനൈര്‍മല്ല്യത ഇതെല്ലാം ഒത്തൊരുമിച്ച അതുല്യ പ്രതിഭയായ വി വിജയരാഘവകുറുപ്പ് അനവധി ദേശീയവിദേശ പുരസ്‌കാരങ്ങള്‍ക്കും ഫെല്ലോഷിപ്പുകള്‍ക്കും അര്ഹനായിട്ടുണ്ട്.

എല്ലാ സഹൃദയരെയും മഹാനവമി- വിജയദശമി ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭാരവാഹികളായ തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.

To participate: Kindly visit LHA's Facebook page Facebook.com/LondonHinduAikyavedi.Org
 
Other News in this category

 
 




 
Close Window