|
മീനില്‍ ഒമേഗ 3 എന്ന ഫാറ്റി ആസിഡുകള്‍ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു. എന്നാല്‍ മത്സ്യം ധാരാളം കഴിക്കുന്നവരാണെങ്കിലും കേരളീയരില്‍ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വര്‍ധിച്ച് വരുന്നതായാണ് കാണുന്നത്. ഇതിന്റെ കാരണങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകനും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ഇക്ബാല്‍.
നല്ല ആരോഗ്യ ശീലങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മത്സ്യം കഴിക്കേണ്ടത് എങ്ങനെയെന്നും കേരളീയര്‍ മത്സ്യം നന്നായിക്കഴിച്ചിട്ടും ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാവാന്‍ കാരണം എന്തെന്നും വ്യക്തമാക്കിയിട്ടുള്ളത്.
മത്സ്യം ഹൃദയത്തെ സംരക്ഷിക്കും എന്നൊരു ചൊല്ല് (Fish Protects The Heart)തന്നെ വൈദ്യശാസ്ത്രത്തിലുണ്ടെന്ന് അദ്ദേഹം പറയുന്നു. മത്സ്യം ധാരാളം കഴിക്കുന്ന പല സമൂഹങ്ങളിലും ഹൃദ്രോഗവും മറ്റും കുറവായിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ മറ്റ് പലരോഗങ്ങള്‍ തടയുന്നതിനും ഒമേഗ 3 സഹായകരമാണെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേരളീയരില്‍ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വര്‍ധിച്ച് വരുന്നതായാണ് കാണുന്നത്. പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലമാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മത്സ്യം കഴിക്കുന്നതിന്റെ പ്രയോജനമൊട്ട് കിട്ടുന്നതുമില്ലെന്ന് അദ്ദേഹം പറയുന്നു.
കൂടുതലാളുകളും മത്സ്യം ഫ്രൈ ചെയ്തു കഴിക്കുന്നതാണ് ഇതിന് കാരണമെന്നാണ് ഡോ. ഇക്ബാല്‍ പറയുന്നത്. മീന്‍ ഫ്രൈ ചെയ്യുമ്പോള്‍ പ്രയോജനകരമായ ഒമേഗ 3 നഷ്ടപ്പെടും. അത് കൊണ്ട് ഹൃദ്രോഗവും മറ്റും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കഴിവതും മീന്‍ ഫ്രൈ ഒഴിവാക്കി എല്ലാവരും മീന്‍കറി കഴിക്കാന്‍ ശ്രമിക്കേണ്ടതാണ്- അദ്ദേഹം വ്യക്തമാക്കുന്നു. നമ്മള്‍ സ്ഥിരമായി കഴിക്കാറുള്ള അയലയിലും മത്തിയിലും ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.
ഡോ. ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നല്ല ആരോഗ്യ ശീലങ്ങള്‍: രണ്ട്
മീന്‍ ഫ്രൈ ഒഴിവാക്കി കഴിവതും മീന്‍ കറി കഴിക്കുക.
മൃഗക്കൊഴുപ്പുകള്‍ പൊതുവില്‍ ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ ഒരു അപവാദമെന്ന നിലയില്‍ മത്സ്യത്തിലടങ്ങിയിട്ടുള്ള ഒമേഗ 3 എന്ന ഫാറ്റി ആസിഡുകള്‍ ശരീരത്തിന് ഗുണകരമായ കൊഴുപ്പുകളാണ്, ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊളസ്റ്ററോളിന്റെ അളവ് കുറച്ചും ഹൈ ഡെന്‍സിറ്റി ലൈപ്പിഡ് എന്ന നല്ല കൊളസ്റ്ററോളിന്റെ അളവ് വര്‍ധിപ്പിച്ചും ഒമേഗ 3 ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ സഹായിക്കും. അത്‌കൊണ്ട് മത്സ്യം ഹൃദയത്തെ സംരക്ഷിക്കും എന്നൊരു ചൊല്ല് തന്നെ വൈദ്യശാസ്ത്രത്തിലുണ്ട്. (Fish Protects The Heart) മത്സ്യം ധാരാളം കഴിക്കുന്ന പല സമൂഹങ്ങളിലും ഹൃദ്രോഗവും മറ്റും കുറവായിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ മറ്റ് പലരോഗങ്ങള്‍ തടയുന്നതിനും ഒമേഗ 3 സഹായകരമാണെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
മത്സ്യം ധാരാളം കഴിക്കുന്നവരാണെങ്കിലും കേരളീയരില്‍ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വര്‍ധിച്ച് വരുന്നതായാണ് കാണുന്നത് പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലമാണ് ഇങ്ങിനെ സംഭവിക്കുന്നത്. അതേയവസരത്തില്‍ മത്സ്യം കഴിക്കുന്നതിന്റെ പ്രയോജനമൊട്ട് കിട്ടുന്നതുമില്ല. കൂടുതലാളുകളും മത്സ്യം ഫ്രൈ ചെയ്തു കഴിക്കുന്നതാണ് ഇതിന് കാരണം മീന്‍ ഫ്രൈ ചെയ്യുമ്പോള്‍ പ്രയോജനകരമായ ഒമേഗ 3 നഷ്ടപ്പെടും.
അത് കൊണ്ട് ഹൃദ്രോഗവും മറ്റും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കഴിവതും മീന്‍ ഫ്രൈ ഒഴിവാക്കി എല്ലാവരും മീന്‍കറി കഴിക്കാന്‍ ശ്രമിക്കേണ്ടതാണ്. അത്രത്തോളമെങ്കിലും ഹൃദ്രോഗവും മറ്റും തടയാന്‍ നമുക്ക് കഴിയും .
നമ്മള്‍ സ്ഥിരമായി കഴിക്കാറുള്ള അയലയിലും മത്തിയിലും ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട് എന്നും ഓര്‍ക്കുക. |