|
താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണന്‍, ആര്‍.സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.
മിതമായ നിരക്കില്‍ ചികിത്സയ്ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. സംസ്ഥാനങ്ങളോ പ്രാദേശിക ഭരണകൂടങ്ങളോ നടത്തുന്ന ആശുപത്രികളില്‍ കൂടുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നീരീക്ഷിച്ചു.
അപ്രതീക്ഷിത മഹാമാരിയെ തുടര്‍ന്ന് ലോകത്ത് എല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഇത് കോവിഡിനെതിരായ ലോകമഹായുദ്ധമാണ്. അതിനാല്‍ തന്നെ കോവിഡിനെതിരായ മഹായുദ്ധത്തില്‍ സര്‍ക്കാര്‍- പൊതുപങ്കാളിത്വം ആവശ്യമാണെന്നും കോടതി പറഞ്ഞു.
ആരോഗ്യത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. ആരോഗ്യത്തിനുള്ള അവകാശത്തില്‍ മിതമായ നിരക്കിലുള്ള ചികിത്സയും ഉള്‍പ്പെടുന്നു. താങ്ങാവുന്ന ചികിത്സാ ചിലവിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്.
കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തുമെന്നും ശരിയായ വസ്തുതകളും കണക്കുകളും പുറത്തുവിടണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പരിശോധനകളുടേയും കോവിഡ് പോസിറ്റീവായവരുടെയും കണക്കുകളും വിവരങ്ങളും പ്രഖ്യാപിക്കുന്നത് സുതാര്യമായിരിക്കണമെന്നും അല്ലാത്തപക്ഷം, എല്ലാം ശരിയാണെന്ന ധാരണയുണ്ടാകുന്ന ജനങ്ങള്‍ അശ്രദ്ധ കാണിക്കുമെന്നും കോടതി പറഞ്ഞു. |