|
കൊവിഡ് 19 പ്രതിസന്ധിയ്ക്കിടെ ഏറ്റവുമധികം ബാധിച്ചത് കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസമാണ്. ഏകദേശം ഒരു വര്‍ഷക്കാലമാണ് കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മാറി നിന്നത്. വൈറസ് ബാധയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനായി വീടുകളില്‍ തന്നെ സംരക്ഷിക്കുക എന്ന നയമാണ് ലോകരാജ്യങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്.
ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനാണ് കുട്ടികളിലും പരീക്ഷിക്കുന്നത്. നിര്‍മാതാക്കളായ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഉടന്‍ തന്നെ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചേക്കും. ഫെബ്രുവരി മാസം അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ വാക്‌സിന്‍ പരീക്ഷണം തുടങ്ങുമെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നാഗ്പൂരിലായിരിക്കും ക്ലിനിക്കല്‍ പരീക്ഷണം നടക്കുകയെന്നാണ് അടുത്ത വൃത്തങ്ങള്‍ പുറത്തു വിടുന്ന വിവരം.
നാഗ്പൂരിലെ കുട്ടികളുടെ ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും വാക്‌സിന്‍ പരീക്ഷണം നടത്തുക. രണ്ട് വയസ്സ് മുതല്‍ 18 വയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുക. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി അനുമതി ലഭിച്ച ശേഷമായിരിക്കും വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുക. കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ അടുത്ത നാലു മാസത്തിനുള്ളില്‍ തയ്യാറാകുമെന്ന് ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല അറിയിച്ചിരുന്നു.
നിലവില്‍ രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഈ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ള 27 കോടി ആളുകള്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുക. ഈ ഘട്ടം ഉടന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ഉടന്‍ വാക്‌സിന്‍ നല്‍കും. ഇതിനു ശേഷമായിരിക്കും മറ്റുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം. അതേസമയം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള കുട്ടികള്‍ക്ക് ഏതു ഘട്ടത്തിലായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നത് വ്യക്തമല്ല.
കൊവാക്‌സിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലായുള്ള ക്ലിനിക്കല്‍ പരീക്ഷണം നടന്ന നാഗ്പൂരിലായിരിക്കും കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണവും നടക്കുക. തൊലിയ്ക്കടിയില്‍ വാക്‌സിന്‍ കുത്തിവെച്ചുള്ള പരീക്ഷണം ഇപ്പോള്‍ മുന്നേറുകയാണെന്നും മൂക്കിലൂടെ സ്‌പ്രേ രൂപത്തില്‍ വാക്‌സിന്‍ നല്‍കിയുള്ള പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം നടത്തുക. 2 - 5 വയസ്, 6 - 12 വയസ്സ്, 12 - 18 വയസ്സ് എന്നിങ്ങനെയായിരിക്കും കുട്ടികളെ തരംതിരിക്കുക. കുട്ടികളില്‍ പരീക്ഷണം നടത്താനായി പ്രത്യേക പ്രോട്ടോകോള്‍ പാലിക്കുമെന്നും കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇത് നിര്‍ണായകമാകുമെന്നും വിദഗ്ധര്‍ അറിയിച്ചു. |