|
റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്പുട്നിക്-V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ.). ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ടെസ്റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ട്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്നിക്-V വാക്സിന്‍ ഉത്പാദിപ്പിക്കുന്നത്.
ജൂണ്‍ മാസത്തില്‍ പത്തുകോടി കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് നേരത്തെതന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.
കോവിഡ് മരുന്ന് പൂഴ്ത്തി വെച്ച സംഭവം; ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് 19 ചികിത്സയ്ക്കുള്ള മരുന്ന് പൂഴ്ത്തിവെച്ച സംഭവത്തില്‍ ഡല്‍ഹിയിലെ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ബി ജെ പി എംപി കൂടിയായ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്‌ലു മരുന്ന് പൂഴ്ത്തിവെച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.
ഗൗതം ഗംഭീര്‍ അടക്കമുള്ള രാഷ്ട്രീയക്കാര്‍ വലിയ തോതില്‍ കോവിഡ് മരുന്നും വാക്‌സിനും വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡ്രഗ് കണ്‍ട്രോളറോട് നേരത്തെ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് കണ്‍ട്രോളര്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
'ഗൗതം ഗംഭീര്‍ അത് ചെയ്തത് ആവശ്യക്കാരെ സഹായിക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ ഉത്തരവാദിത്തബോധമുള്ള ഒരു നിലപാടായിരുന്നില്ല അത്? മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന് അദ്ദേഹത്തിന് അറിയില്ലേ?' ജസ്റ്റിസുമാരായ വിപിന്‍ സംഘിയും ജാസ്മീത് സിംഗും പറഞ്ഞു. |