ബലാത്സംഗ കേസില്‍ വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി സെന്‍ട്രന്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ശ്രീകാന്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
രാവിലെ ഒമ്പത് മണിയ്ക്കാണ് ശ്രീകാന്ത് വെട്ടിയാര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒഴിവില്‍ പോയിരുന്നു. പഴയ രൂപത്തില്‍ നിന്ന് ഏറെ മാറ്റം ശ്രീകാന്തിനുണ്ട്. താടി നീക്കം ചെയ്തിട്ടുണ്ട്.
യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഗൂഢലക്ഷ്യത്തോടെയാണ് പീഡന ആരോപണം ഉയര്‍ത്തിയതെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ശ്രീകാന്തിന് മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നത്.
ആലുവയിലെ ഫ്ളാറ്റിലും കൊച്ചിയിലെ ഹോട്ടലുകളിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു കൊല്ലം സ്വദേശിയായ യുവതിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഡിസംബറിലുമായിട്ടാണ് പീഡനം നടത്തിയത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. സാമ്പത്തികമായി ചൂഷണം ചെയ്തതിരുന്നതായും പരാതിയില്‍ യുവതി ചൂണ്ടിക്കാണിച്ചിരുന്നു. |