Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ മയക്കു മരുന്നു റെയ്ഡില്‍ 597 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: 608 പേര്‍ പിടിയിലായെന്ന് മന്ത്രി രാജേഷ്
reporter
സംസ്ഥാനത്ത് നടന്ന ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ തുടര്‍ച്ചയായി മയക്കുമരുന്നിനെതിരെ സെപ്റ്റംബര്‍ 16ന് ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ വെള്ളിയാഴ്ച വരെ 597 കേസുകളിലായി 608 പേര്‍ പിടിയിലായെന്ന് മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തുമാണ് കൂടുതല്‍ കേസുകള്‍. ഡ്രൈവിന്റെ ഭാഗമായി 13.48 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചിടെത്തിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 6 വരെ 849.7 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ എംഡിഎംഎ പിടിച്ചത്. 1.4 കിലോ മെത്താഫെറ്റാമിനും പിടിച്ചു. ഇതില്‍ 1.28 കിലോയും കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കാലയളവില്‍ 99.67കിലോ കഞ്ചാവും 170 കഞ്ചാവ് ചെടികളും എക്സൈസ് പിടിച്ചു. 153 ഗ്രാം ഹാഷിഷ് ഓയില്‍, 1.4 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 9.6 ഗ്രാം ഹെറോയിന്‍, 11.3 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 85.2 ഗ്രാം ലഹരി ഗുളികകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കലും വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനവും എക്സൈസ് നടപ്പിലാക്കി വരികയാണ്. 3133 പേരെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളായ 758 പേരെ ഈ കാലയളവില്‍ പരിശോധിച്ചിട്ടുമുണ്ട്. പൊതുജനങ്ങളില്‍ നിന്ന് ഈ കാലയളവില്‍ മയക്കുമരുന്ന് വിഷയവുമായി ബന്ധപ്പെട്ട് 242 പരാതികളും വിവരങ്ങളുമാണ് ലഭിച്ചത്. ഇതില്‍ 235 വിഷയങ്ങളിലും എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വാറന്റ് പ്രതികളുടെ അറസ്റ്റും തുടരുകയാണ്.

ലഹരി വ്യാപനം തടയിടാനുള്ള പ്രവര്‍ത്തനം പൊതുസമൂഹം ഏറ്റെടുക്കണം. സ്‌കൂള്‍ പിടിഎകള്‍, വിദ്യാര്‍ഥി കൂട്ടായ്മകള്‍, സ്റ്റുഡന്‍ന്റ് പോലീസ് കേഡറ്റ്, യുവജനസംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്തിറങ്ങണം. ലഹരി ഒഴുക്കിന് തടയിടാന്‍ കൂടുതല്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഓരോ വ്യക്തിയും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
 
Other News in this category

 
 




 
Close Window