Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓണ്‍ലൈന്‍ റമ്മിക്കും ചൂതാട്ടത്തിനും തമിഴ്‌നാട്ടില്‍ നിരോധനം: ഗാംബ്ലിങ് ഗെയിം നടത്തിയാല്‍ 3 വര്‍ഷം ജയില്‍
reporter
ഓണ്‍ലൈന്‍ റമ്മിയടക്കം സൈബര്‍ ചൂതാട്ടങ്ങള്‍ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ നിയമം. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണം. തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്.

മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്‌നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം. ഐഐടി ടെക്നോളജിസ്റ്റ് ഡോ. ശങ്കരരാമന്‍, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പണം നഷ്ടമായി വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ എത്തിയതിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം സ്വരൂപിച്ചു.

വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കി. ഇതുകൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഓര്‍ഡിനന്‍സ് നിയമം ആയതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓണ്‍ലൈന്‍ കളികളും തമിഴ്‌നാട്ടില്‍ നിരോധിച്ചു. നിയമം ലംഘിച്ചാല്‍ ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ നല്‍കാം.
 
Other News in this category

 
 




 
Close Window