Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
reporter

കൊല്ലം: സ്റ്റേഷനിലെത്തിയ സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ ദക്ഷിണ മേഖല ഐജി പി പ്രകാശാണ് നടപടി സ്വീകരിച്ചത്. നേരത്തെ, പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു.എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷംപേരൂര്‍ സ്വദേശികളായ സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും പൊലീസ് മര്‍ദിക്കുകയായിരുന്നു. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, സീനിയര്‍ സിപിഒമാരായ പ്രകാശ് ചന്ദ്രന്‍, വിആര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം.കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നയം ജനങ്ങളെ തല്ലുക എന്നുള്ളതല്ല. സര്‍ക്കാരിന്റെ നയത്തിനെതിരെ പൊലീസ് പ്രവര്‍ത്തിച്ചെങ്കില്‍ അതിനെതിരായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കാനം പറഞ്ഞു.സംഭവത്തില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

പ്രാഥമികാന്വേഷണത്തെത്തുടര്‍ന്ന് എസ്ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയര്‍ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വിആര്‍ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി സൈനികനും സഹോദരനും മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ഡിജിപി ഇടപെട്ടത്.എംഡിഎംഎയുമായി കരിക്കോട് ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 25ന് ദമ്പതിമാരടക്കം നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതികളില്‍നിന്ന് ലഹരിവസ്തു വാങ്ങിയുപയോഗിച്ച യുവാവ് വഴിയാണ് ദമ്പതിമാരടക്കം നാലുപേരെ പിടികൂടിയത്. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ അതിക്രമിച്ചുകടന്ന് പൊലീസുകാരനെ ആക്രമിച്ചെന്ന പേരിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.വസ്തുത മറച്ചുവെച്ച് പൊലീസുകാര്‍ ഏറെ നാടകീയമായ തിരക്കഥചമച്ച് പത്രങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുകയായിരുന്നെന്ന് വിഘ്നേഷ് ആരോപിച്ചു. എംഡിഎംഎ കേസില്‍പ്പെട്ടവരാണെന്നുവരെ തങ്ങളെ ചിത്രീകരിച്ചു. ക്രൂരമര്‍ദനത്തിനുശേഷം 12 ദിവസം റിമാന്‍ഡ് ചെയ്തു. കേസില്‍പ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങി. പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ശാരീരിക കായികക്ഷമതാപരീക്ഷയില്‍ പങ്കെടുക്കാനും കഴിയാതെയായി. കോടതിയില്‍ ഹാജരാക്കിയതോടെ മജിസ്ട്രേറ്റിനു മുന്നില്‍ പൊലീസിന്റെ ക്രൂരത സഹോദരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

 
Other News in this category

 
 




 
Close Window