രാജ്യത്ത് ആദ്യമായി സ്വന്തം ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ല എന്ന ബഹുമതി ഇനി കാസര്‍ഗോഡിന് സ്വന്തം. സപ്തഭാഷാ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ജില്ലയ്ക്ക് കാഞ്ഞിരമാണ് ഇനി മുതല്‍ ഔദ്യോഗിക വ്യക്ഷം. വെള്ളവയറന്‍ കടല്‍പ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നര്‍ത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസര്‍കോട് എന്ന സ്ഥലനാമം ജില്ലയ്ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ കാഞ്ഞിരം ജില്ലയുടെ ഔദ്യോഗിക വൃക്ഷമായി.
ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന മൃദുലമായ പുറന്തോടുള്ള ഭീമന് ആമയാണ് പാലപ്പൂവന്‍. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ശുദ്ധജല ആമവര്ഗത്തില്പ്പെട്ടതാണ് ഈ ജീവി. കാസര്‍കോട് പാണ്ടിക്കണ്ടത്ത് ഇവയുടെ പ്രജനന കേന്ദ്രം.
മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റര്‍ പ്രദേശത്ത് മാത്രം കാണപ്പെടുന്ന പക്ഷിയാണ് വെള്ളവയറന്‍ കടല്‍പ്പരുന്ത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിലുള്ള പക്ഷി. ഉത്തര മലബാറിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന അരുവികളില്‍ മാത്രം കാണുന്ന അപൂര്‍വ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള പൂക്കളാണിത്. കാസര്‍കോട്ടെ പെരിയയില്‍ലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്
ജില്ലാ പഞ്ചായത്തിന്റേയും ജൈവ വൈവിധ്യ പരിപാലന സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് കാസര്‍ഗോഡിന്റെ സ്വന്തം ഔദ്യോഗിക പുഷ്പത്തെയും പക്ഷിയേയുമെല്ലാം പ്രഖ്യാപിച്ചത്. |