ലണ്ടന്‍: യുകെയില്‍ അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജില്‍ ശരാശരി നിരക്ക് 2023 മേയ് മാസത്തിന് ശേഷം ആദ്യമായി 5 ശതമാനത്തില്‍ താഴേക്ക്. കടമെടുപ്പ് ചെലവുകള്‍ കുറയുന്നത് തുടരുന്നതിനിടെയാണ് ഈ ആശ്വാസ വാര്‍ത്ത. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് റേറ്റ് നിരക്ക് 4.99 ശതമാനത്തിലെത്തിയെന്ന് മണിഫാക്ട്സ് വ്യക്തമാക്കി. ശതമാനത്തിലെ താഴ്ച വലിയ രീതിയില്‍ ലാഭം നല്‍കുന്നില്ലെങ്കിലും വിപണിയിലെ നിലപാടപകളില്‍ മാറ്റം വരുന്നതിന്റെ സൂചനയാണെന്ന് മണിഫാക്ട്സ് പറയുന്നു.
ചെറിയ തോതിലുള്ള താഴ്ച പോലും വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, ലെന്‍ഡര്‍മാരുടെ മത്സരത്തിലേക്ക് വഴിവെയ്ക്കുകയും ചെയ്യും. ഇതിനിടെ രണ്ട് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്കും കഴിഞ്ഞ ആഴ്ച 5 ശതമാനത്തില്‍ താഴേക്ക് പോയി, 2022 സെപ്റ്റംബറിലെ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം ആദ്യമായാണ് ഇത് സംഭവിക്കുന്നത്. എന്നിരുന്നാലും നിലവില്‍ പണപ്പെരുപ്പം ശക്തിയാര്‍ജ്ജിക്കുന്നത് കൂടുതല്‍ പലിശ കുറയാനുള്ള സാധ്യതയെ ബാധിക്കും. ജൂലൈ മാസം 3.8 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം പിടിമുറുക്കിയത്. ഇതോടെ ഈ വര്‍ഷം മറ്റൊരു ബേസ് റേറ്റ് കട്ട് ഉണ്ടാകാനുള്ള സാധ്യതയാണ് നഷ്ടമായത്.