|
ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ലണ്ടനില്‍ ഇന്ത്യക്കാരുടെ കടകള്‍ക്കു നേരേ ആക്രമണം. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള റെസ്റ്റൊറന്റിനു തീവച്ചു. മുഖം മറച്ചെത്തിയ ഒരു സംഘമാണു തീയിട്ടത്. ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ 'അരോമ' റെസ്റ്റൊറന്റില്‍ നാശനഷ്ടങ്ങളുണ്ട്. ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് തീയിട്ടത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ആക്രമണം. ഈ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായെന്നു പോലീസ്. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
90 മിനിട്ടോളം അഗ്‌നിശമന സേന പ്രയത്‌നിച്ചതിനൊടുവിലാണ് തീ അണയ്ക്കാനായതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് പറയുന്നു. അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണെന്നും ആവശ്യമായ വിവരങ്ങള്‍ അറിയുന്നവര്‍ മുന്നോട്ട് വരണമെന്നും ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് റോജേഴ്‌സ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
രോഹിത് കലുവാലയെന്ന ഇന്ത്യന്‍ വംശജനാണ് റെസ്റ്റൊറന്റ് നടത്തിയിരുന്നത്. ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന ഷോപ്പായിരുന്നു ഇത്. |