Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
വിദേശകാര്യമന്ത്രി ഡേവിഡ് ലാമി പുതിയ ഉപപ്രധാനമന്ത്രി
reporter

ലണ്ടന്‍: പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറുടെ മന്ത്രി സഭയില്‍ നിന്നുള്ള ഉപ പ്രധാനമന്ത്രി ആഞ്ചല റെയ്‌നറുടെ രാജിക്ക് പിന്നാലെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഉപ പ്രധാന മന്ത്രിയായി ചുമതലയേറ്റു. ആഞ്ചല റെയ്‌നറുടെ രാജിക്ക് പിന്നാലെ മന്ത്രി സഭയിലെ പ്രമുഖ വകുപ്പുകളില്‍ മന്ത്രിമാര്‍ക്ക് ഉണ്ടായിരുന്ന ചുമതലകളിലും മാറ്റം ഉണ്ടായി. 8,00,000 പൗണ്ട് വിലമതിക്കുന്ന ഫ്‌ലാറ്റിന് മതിയായ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ആഞ്ചല റെയ്നര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി, ഭവന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ രാജി വയ്‌ക്കേണ്ടി വന്നത്. ലേബര്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ പദവിയും രാജിവച്ചിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പുതിയ ഡെപ്യൂട്ടി നേതൃത്വ തിരഞ്ഞെടുപ്പിന് രാജി കാരണമാകും.

സ്വത്ത് വാങ്ങുമ്പോള്‍ തനിക്ക് നിയമോപദേശം ലഭിച്ചെങ്കിലും ശുപാര്‍ശ ചെയ്തതുപോലെ കൂടുതല്‍ വിദഗ്ധ നികുതി അടയ്ക്കണമെന്ന ഉപദേശം തേടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആഞ്ചല റെയ്‌നര്‍ പറഞ്ഞു. സ്വത്ത് വാങ്ങുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ആഞ്ചല റെയ്നര്‍ വ്യക്തമാക്കി. അതേസമയം ആഞ്ചല റെയ്നറുടെ രാജി പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിലെ ഉന്നത മന്ത്രിമാരുടെ വലിയൊരു പുനഃസംഘടനയ്ക്ക് രാജി തുടക്കമിട്ടു. വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയെ ഉപ പ്രധാനമന്ത്രി ആക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ്, നീതിന്യായ വകുപ്പ്, വിദേശകാര്യ വകുപ്പ് എന്നിവയുടെ ചുമതലകളിലും മന്ത്രിമാര്‍ക്ക് മാറ്റം ഉണ്ടായി. പുതിയ ഉപ പ്രധാനമന്ത്രി ഡേവിഡ് ലാമി നീതിന്യായ വകുപ്പിന്റെ ചുമതല ഏറ്റെടുക്കും.

നീതിന്യായ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ശബാന മഹമൂദ് ഹോം സെക്രട്ടറി വകുപ്പ് സെക്രട്ടറിയാകും. നിലവിലെ ഹോം സെക്രട്ടറി യെവറ്റ് കൂപ്പര്‍ ആഭ്യന്തര വകുപ്പില്‍ നിന്നും വിദേശകാര്യ വകുപ്പ് സെക്രട്ടറിയാകും. ഉപ പ്രധാനമന്ത്രി പദവിക്കൊപ്പം ആഞ്ചല റെയ്‌നര്‍ ചുമതല വഹിച്ചിരുന്ന ഭവന വകുപ്പിന്റെ ചുമതല വഹിക്കുക സ്റ്റീവ് റീഡ് ആയിരിക്കും. ശാസ്ത്രം, ഇന്നൊവേഷന്‍, ടെക്‌നോളജി വകുപ്പ് എന്നിവയുടെ അധിക ചുമതല നിലവില്‍ പെന്‍ഷന്‍ സെക്രട്ടറിയായ ലിസ് കെന്‍ഡലിന് ലഭിക്കും. പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറുടെ നേതൃത്വത്തില്‍ ലേബര്‍ സര്‍ക്കാര്‍ 14 മാസം പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രി സഭയിലെ പ്രധാന പദവിയില്‍ നിന്നും ആഞ്ചല റെയ്‌നറുടെ രാജി ഉണ്ടാകുന്നത്. ഇത് കിയേര്‍ സ്റ്റാമെറുടെ രാഷ്ട്രീയ ഭാവിക്ക് വലിയ പ്രതിസന്ധിക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നേതൃപാടവം തെളിയിക്കേണ്ട നിര്‍ണ്ണായക ഘട്ടത്തിലാണ് ഇപ്പോള്‍ കിയേര്‍ സ്റ്റാമെര്‍. ആഞ്ചല റെയ്‌നറുടെ രാജിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉണ്ടാകുന്ന ഡെപ്യൂട്ടി ലീഡര്‍ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളിലെ വിമതര്‍ വീണ്ടും തലപൊക്കുന്നതിന് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 
Other News in this category

 
 




 
Close Window