കേംബ്രിഡ്ജ്: അയര്‍ലന്‍ഡില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കെതിരായ വംശീയ ആക്രമണത്തില്‍ ശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി അയര്‍ലാന്‍ഡ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്. അയര്‍ലന്‍ഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ലെന്നുമുള്ള ഉറപ്പാണ് അയര്‍ലന്‍ഡിലെ പ്രതിരോധ മന്ത്രിയും നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രിയും നല്‍കിയിരിക്കുന്നത്. കേംബ്രിഡ്ജ് മുന്‍ മേയറും ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന മലയാളി അഭിഭാഷകന്‍ ബൈജു തിട്ടല അയര്‍ലന്‍ഡ് പ്രസിഡന്റിന് നല്‍കിയ പരാതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം. ശക്തമായ നടപടിയുണ്ടാവുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും വംശീയ ആക്രമണങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും വിശദമാക്കുന്നതാണ് അയര്‍ലന്‍ഡ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രി ജിം ഒ കല്ലഗനും ബൈജു തിട്ടലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അയര്‍ലാന്‍ഡിലെ ജനങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന മൂല്യങ്ങള്‍ക്കെതിരാണ് അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍.കൗമാരക്കാര്‍ അടക്കമുള്ളവരുടെ ഇത്തരം വംശീയ ആക്രമണങ്ങളെ അപലപിക്കുന്നു.
അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് മൂലവുമാകാണ് ഇത്തരം ആക്രമണങ്ങളെന്നും ഇത്തരം ആക്രമണങ്ങള്‍ അയര്‍ലന്‍ഡിന് ജീവന്‍ നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകാരികളായ ഇന്ത്യക്കാരുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതാണ്. വര്‍ഷങ്ങളായുള്ള കുടിയേറ്റമാണ് അയര്‍ലന്‍ഡിനെ ഇന്നത്തെ രീതിയില്‍ പുരോഗതിയിലേക്ക് എത്തിച്ചത്. അയര്‍ലന്‍ഡില്‍ വന്ന ശേഷം മടങ്ങിയവര്‍ കൊണ്ടുപോവുന്നത് ഈ രാജ്യത്തെ മൂല്യങ്ങളാണ്. ഇതെല്ലാം മലീമസമാക്കുന്ന രീതിയില്‍ വെറുപ്പ് പടരുന്ന രീതിയിലെ പ്രചാരണങ്ങള്‍ ചെറുക്കുമെന്നും പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്. നിയമപരമായി ടാക്‌സ് അടക്കമുള്ളവ അടച്ച് അയര്‍ലന്‍ഡില്‍ കഴിയുന്ന ജോലിക്കാരും വിദ്യാര്‍ത്ഥികള്‍ക്കുമെതിരായ വംശീയ ആക്രമണം വര്‍ധിക്കുന്നുവെന്ന് വിശദമാക്കിയ ഇമെയില്‍ പരാതിയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വീടിന് മുന്‍പില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിക്ക് അടക്കം നേരിട്ട വംശീയ ആക്രമണം ചൂണ്ടിക്കാണിച്ചിരുന്നു. ഈ മെയില്‍ അയര്‍ലന്‍ഡ് പ്രസിഡന്റ് പ്രതിരോധ മന്ത്രാലയത്തിനും കുടിയേറ്റ മന്ത്രാലയത്തിനും കൈമാറുകയായിരുന്നുവെന്നാണ് ബൈജു തിട്ടല വിശദമാക്കുന്നത്.