Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ താത്കാലികമായി നിര്‍ത്തിവയ്ക്കും
reporter

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വീസകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് യുകെയുടെ പുതിയ ഹോം സെക്രട്ടറി ശബാന മഹമൂദ്. ആഭ്യന്തര വകുപ്പ് മന്ത്രി എന്ന നിലയില്‍ യുകെയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയാണ് മുന്‍ഗണനയെന്നും ശബാന മഹമൂദ് പറഞ്ഞു. ഇന്ന് ലണ്ടനില്‍ നടന്ന ഇന്റലിജന്‍സ് ഷെയറിങ് ഫൈവ് ഐസ് ഗ്രൂപ്പിന്റെ യോഗത്തില്‍ ആതിഥേയത്വം വഹിക്കവേയാണ് ഷബാന മഹമൂദ് ഇങ്ങനെ പറഞ്ഞത്. ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ മേധാവി ക്രിസ്റ്റി നോയിം, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നിവിടങ്ങളിലെ മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കനേഡിയന്‍ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി, ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക്, ന്യൂസീലന്‍ഡ് മന്ത്രി ജൂഡിത്ത് കോളിന്‍സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത മറ്റ് മന്ത്രിമാര്‍.

ചെറുബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് യോഗം നടന്നത്. യുകെയുടെ കുടിയേറ്റ തിരിച്ചയയ്ക്കല്‍ കരാറുമായി സഹകരിച്ച് പൗരന്മാരെ തിരികെ എടുക്കാത്ത രാജ്യങ്ങളില്‍ നിന്നും വീസകള്‍ നല്‍കി ആളുകളെ കൊണ്ടു വരുന്നതിന് ഇനി തടസ്സമുണ്ടായേക്കും. ഇത് സംബന്ധിച്ച് ഫൈവ് ഐസ് ഗ്രൂപ്പ് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഏകോപിത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഭാവിയില്‍ വീസകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്. യുകെയില്‍ തുടരാന്‍ പരാജയപ്പെട്ട അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നതിനെ ആശ്രയിച്ച് ആകും ബ്രിട്ടിഷ് വീസ അനുവദിക്കാനാകുമോ എന്ന് താന്‍ പരിഗണിക്കുകയെന്ന് ജൂണില്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞിരുന്നു.

യുകെ ഹോം ഓഫിസ് കണക്കുകള്‍ പ്രകാരം 2025 ല്‍ ചെറു ബോട്ടുകളില്‍ എത്തിയവരുടെ എണ്ണം 30,000 ലധികമാണ്. ഈ എണ്ണം തീര്‍ത്തും അസ്വീകാര്യമാണ് എന്നാണ് ശബാന മഹമൂദിന്റെ പ്രതികരണം. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. യുകെയിലെ പുതിയ ഹോം സെക്രട്ടറിയായി നിയമിതയായ ഷബാന മഹ്‌മൂദിന്റെ മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികള്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരവേയാണ് ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായത്. ആദ്യമായി ആണ് ഒരു മുസ്ലിം വനിത ഈ സ്ഥാനത്ത് എത്തുന്നത്. കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ, പൊലീസ് കാര്യങ്ങള്‍ തുടങ്ങിയവയാണ് ശബാന മഹമൂദിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.

 
Other News in this category

 
 




 
Close Window