ലണ്ടന്‍: യുകെയില്‍ പിആര്‍ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പെറ്റീഷനുകള്‍ അടിസ്ഥാനമാക്കി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടന്ന ഈ മാസം എട്ടിന് നടന്ന ചര്‍ച്ചകളിലെ നീക്കങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ്. രാജ്യത്തെ നഴ്‌സുമാര്‍ അടക്കമുള്ള ഒട്ടനവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ചര്‍ച്ചകളാണ് പാര്‍ലമെന്റില്‍ നടന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഒട്ടറെ എംപിമാര്‍ പങ്കെടുക്കുകയും അവരുടെ മണ്ഡലങ്ങളിലെ ജനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ് എന്‍എച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ സംഭാവനയെക്കുറിച്ച് ചൂണ്ടിക്കാട്ടി പുതിയ നയമാറ്റം അനവധി കുടുംബങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ പാര്‍ലമെന്റ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അനധികൃതവും അനിയന്ത്രിതവുമായ കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ നിലവില്‍ യുകെയില്‍ കഴിയുന്നവര്‍ക്ക് ബാധകമാകുമോ എന്ന കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കോവിഡ് കാലത്ത് എന്‍എച്ച്എസ് ജീവനക്കാരായി എത്തിയ വിദേശ തൊഴിലാളികളുടെ സംഭാവനകളെ പരിഗണിക്കാതെ അവരുടെ പിആര്‍ പ്രതീക്ഷകള്‍ തള്ളിക്കളയാനുള്ള ശ്രമം നന്ദികേടാണെന്ന അഭിപ്രായം പല എംപിമാരും പ്രകടിപ്പിച്ചു. അന്നത്തെ കാലത്ത് എത്തിയ പലരും പിആര്‍ കിട്ടാനുള്ള 5 വര്‍ഷം പൂര്‍ത്തിയാകാറായവരാണ്. എന്നാല്‍ നിയമം മുന്‍കാല പ്രാബല്യത്തോടെയോ ഇപ്പോള്‍ മുതലോ നടപ്പിലായാല്‍ അഞ്ചിന് പകരം 10 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. മതിയായ വോട്ടുകളുമായി പാര്‍ലമെന്റ് മുന്‍പാകെ എത്തിയ പെറ്റീഷനിലെ വിഷയങ്ങളിന്മേല്‍ പൊതുജനാഭിപ്രായം തേടുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാകും പിആര്‍ സംബന്ധമായ പുതിയ നിയമങ്ങള്‍ തീരുമാനിക്കുക. എന്നാല്‍ പതിവില്ലാത്ത വിധം ഇത്തരമൊരു പബ്ലിക് കണ്‍സള്‍ട്ടേഷന്‍ വരുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
കണ്‍സള്‍ട്ടേഷനില്‍ ഉള്‍പ്പെടുത്തുന്ന ചോദ്യങ്ങളെ ആശ്രയിച്ചാകും ഇപ്പോള്‍ പിആര്‍ ലഭിക്കാന്‍ കാത്തിരിക്കുന്നവരുടെ ഭാവി. പിആര്‍ നല്‍കാനുള്ള കാലാവധി നിലവിലുള്ള 5 വര്‍ഷം തുടരണമോ അല്ലെങ്കില്‍ 10 വര്‍ഷമായി വര്‍ധിപ്പിക്കണമോ എന്ന ചോദ്യം മാത്രമാണ് വരുന്നതെങ്കില്‍ തദ്ദേശീയരായവര്‍ 10 എന്ന സര്‍ക്കാര്‍ വാദത്തെ പിന്തുണയ്ക്കുമെന്നാണ് അഭിപ്രായം ഉയരുന്നത്. പ്രവാസി സംഘടനകള്‍, പ്രാദേശിക അസോസിയേഷനുകള്‍ എന്നിവ ഒരുമിച്ച് നിന്ന് കണ്‍സള്‍ട്ടേഷനില്‍ ശക്തമായ പ്രതികരണം നടത്തിയാല്‍ വിജയിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നതാണ് നോക്കിക്കാണേണ്ടത്. പുതിയ നിയമപ്രകാരം അഞ്ചില്‍ നിന്നും പത്തിലേക്ക് പിആര്‍ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം വര്‍ധിച്ചാല്‍ യുകെയിലെ മലയാളി സമൂഹത്തെ അത് വലിയ രീതിയില്‍ ബാധിക്കും. പ്രധാനമായും ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പിആര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാല്‍ കാലാവധി പത്തു വര്‍ഷമാക്കിയാല്‍ കുടുംബങ്ങളുടെ സ്ഥിരതയും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവി പദ്ധതികളും എല്ലാം ആശങ്കയിലാകും.
യുകെയില്‍ അഞ്ച് വര്‍ഷം തികയ്ക്കാറായ പലര്‍ക്കും ഇത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കിയിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. മാത്രമല്ല ഈ പദ്ധതി നടപ്പിലാക്കിയാല്‍, യുകെയില്‍ സ്‌കില്‍ ക്ഷാമം അനുഭവപ്പെടുമെന്നും വലിയ തോതിലുള്ള ചൂഷണം നടക്കുമെന്നും അവര്‍ പറയുന്നു. മാത്രമല്ല, ബ്രിട്ടന്റെ സമ്പദ്ഘടനയെയും അത് വിപരീതമായി ബാധിക്കും എന്നും വെസ്റ്റ്മിനിസ്റ്റര്‍ ഹോള്‍ ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കവെ അവര്‍ ചൂണ്ടിക്കാട്ടി. സ്‌കില്‍ഡ് വര്‍ക്ക് വീസ വഴി യുകെയിലെത്തിയവര്‍ക്ക് പിആര്‍ ലഭിക്കുന്നതിന് മുന്‍പായുള്ള ഐഎല്‍ആര്‍ അനുമതി 5 വര്‍ഷത്തില്‍ നിന്നും 10 ആയി ഉയര്‍ത്തുന്നതിനെതിരെയും പുതിയ നിയന്ത്രണങ്ങളില്‍ നിന്നും ചൈനയിലെ ഹോങ്കോങില്‍ നിന്നും യുകെയില്‍ എത്തിയ ബ്രിട്ടിഷ് ഓവര്‍സീസ് പൗരത്വമുള്ളവരെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് വ്യത്യസ്ത പെറ്റീഷനുകളായിരുന്നു ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചത്. ഇതില്‍ മലയാളി സമൂഹത്തെ കൂടി ബാധിക്കുന്ന ആദ്യ പെറ്റീഷനില്‍ 1,65,000ല്‍ പ്പരം ആളുകളും രണ്ടാമത്തേതില്‍ 1,08,000ല്‍ പ്പരം ആളുകളും ഒപ്പിട്ടിരുന്നു. എന്നാല്‍ ബ്രിട്ടിഷ് നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ഹോങ്കോങിലെ ഓവര്‍സീസ് പൗരത്വമുള്ളവരുടെ പെറ്റീഷന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.