ലണ്ടന്‍: പത്തില്‍ എട്ട് എന്‍എച്ച്എസ് ആശുപത്രികളും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ പരാജയപ്പെടുന്നതായി കണ്ടെത്തല്‍. ഔദ്യോഗിക ലീഗ് ടേബിള്‍ എന്‍എച്ച്എസ് തന്നെ പുറത്തുവിട്ടതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം പര്യാപ്തമല്ലെന്ന് വെളിപ്പെടുന്നത്. പുതിയ സ്‌കോറിംഗ് സിസ്റ്റം പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് ഇതുവഴി രോഗികള്‍ക്ക് തങ്ങളുടെ പ്രാദേശിക ആശുപത്രികള്‍ രാജ്യത്തെ മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. അതേസമയം റാങ്കിംഗ് പ്രകാരം 134 പ്രധാന ആശുപത്രികളില്‍ കേവലം 27 എണ്ണം മാത്രമാണ് മികച്ച പ്രവര്‍ത്തനത്തിനുള്ള 1, 2 ടിയറുകളില്‍ പെടുന്നത്.
ബാക്കിയുള്ള 107 ആശുപത്രികളും മൂന്ന്, നാല് ടിയറുകളിലാണ്. ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുകയും, മോശം പരിചരണം നല്‍കുകയും, കണക്കുകള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതാണ് ഈ ഭൂരിപക്ഷം ആശുപത്രികളുടെയും സ്ഥിതിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. മറ്റ് ആശുപത്രികള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ടിയര്‍ 1 റാങ്കിംഗില്‍ കേവലം 16 ആശുപത്രികളാണുള്ളത്. സൂര്യവെളിച്ചം കാണുന്നതാണ് മികച്ച ഡിസ്ഇന്‍ഫെക്ടന്റ് എന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് റാങ്കിംഗിനെ കുറിച്ച് പ്രതികരിച്ചു. എന്നാല്‍ ഇത് ആത്മവീര്യം കെടുത്തുന്നതാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ തിരിച്ചടിച്ചു.