ലണ്ടന്‍: ഒന്നര വര്‍ഷത്തിനു ശേഷം ചാള്‍സ് രാജാവും മകന്‍ ഹാരി രാജകുമാരനും തമ്മില്‍ കണ്ടു. 2024 ഫെബ്രുവരിക്ക് ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഹാരി രാജകുമാരന്‍ കഴിഞ്ഞ കുറേ കാലമായി ഭാര്യ മേഗന്‍ മാര്‍ക്കിലിനോടൊപ്പം രാജകുടുംബത്തില്‍ നിന്ന് അകന്ന് കലിഫോര്‍ണിയയിലാണ് താമസം. മേഗനുമായുള്ള വിവാഹത്തിനു ശേഷമാണ് ഹാരി രാജകുമാരന് രാജകുടുംബവുമായി അകല്‍ച്ചയുണ്ടായത്. രാജകുടുംബം പൂര്‍ണ്ണമായും മേഗനുമായുള്ള വിവാഹത്തെ അനുകൂലിച്ചിരുന്നില്ല എന്നത് അകല്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.
ലണ്ടനിലെ ക്ലാരന്‍സ് ഹൗസിലായിരുന്നു ഹാരി രാജകുമാരന്‍ ചാള്‍സ് രാജാവിനെ കണ്ടത്. ഇക്കഴിഞ്ഞ മേയില്‍ 'എന്റെ കുടുംബവുമായി ഒരു അനുരഞ്ജനം ഞാന്‍ ആഗ്രഹിക്കുന്നു, ഇനി യുദ്ധം തുടരുന്നതില്‍ അര്‍ത്ഥമില്ല'- എന്ന് ഹാരി പറഞ്ഞിരുന്നു. മുന്‍പ് രാജകുടുംബാംഗങ്ങള്‍ക്കെതിരായി ഹാരി രാജകുമാരന്‍ എടുത്ത നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഇങ്ങനെയൊരു അഭിമുഖം നല്‍കിയത്. അഭിമുഖത്തെ തുടര്‍ന്ന് ഹാരി രാജകുമാരന്‍ രാജകുടുംബത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. അഭിമുഖം വന്ന് ഏകദേശം അഞ്ചു മാസത്തിനു ശേഷമാണ്ചാള്‍സ് രാജാവും ഹാരി രാജകുമാരനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം കണ്ടെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ഏകദേശം 50 മിനിറ്റ് നീണ്ട നിന്നു. എങ്കിലും ഹാരി രാജകുമാരന്‍ സഹോദരനായ വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. ഹാരി രാജകുമാരന്‍ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചപ്പോള്‍ വില്യം രാജകുമാരന്‍ ഒപ്പം പങ്കെടുത്തിരുന്നില്ല. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് സൂചന. ഹാരി രാജകുമാരന്‍ അധികം വൈകാതെ രാജകുടുംബത്തിലേക്ക് തിരിച്ചെത്തിയേക്കും എന്നാണ് കൂടിക്കാഴ്ച സംബന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷം രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന. യുകെയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2014ല്‍ ആരംഭിച്ച ഇന്‍വിക്റ്റസ് ഗെയിംസുമായി ബന്ധപ്പെട്ടാണ് ഹാരി രാജകുമാരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. മുന്‍ സൈനികര്‍ക്കും പരുക്കേറ്റ സൈനികര്‍ക്കും വേണ്ടിയുള്ളതാണ് ഇന്‍വിക്റ്റസ് ഗെയിംസ്. ഗെയിംസിന് മുന്‍പ് വൈകിട്ട് 5.20ന് ഒരു കറുത്ത റേഞ്ച് റോവറില്‍ ക്ലാരന്‍സ് ഹൗസില്‍ എത്തിയ ഹാരി രാജകുമാരന്‍ പിതാവിനോടൊപ്പമുള്ള സ്വകാര്യ സന്ദര്‍ശനത്തിന് ശേഷം 6.15നാണ് മടങ്ങിയത്.