ലണ്ടന്‍: മുംബൈയില്‍ നിന്നും ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയ സംഭവത്തില്‍ ബൈക്ക് യാത്രികന്‍ യോഗേഷ് അലേകാരിക്ക് പുതിയ ബൈക്ക് ലഭിച്ചു. നോട്ടിങ്ങാംഷറിലെ മാന്‍സ്ഫീല്‍ഡ് വുഡ്ഹൗസിലുള്ള ഓഫ് റോഡ് ബൈക്ക് സെന്ററാണ് യോഗേഷ് അലേകാരിക്ക് പുത്തന്‍ ബൈക്ക് സൗജന്യമായി നല്‍കിയത്. ഓഫ് റോഡ് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ബെഞ്ചമിന്‍ ലെഡ്വിഡ്ജ് കഴിഞ്ഞ ദിവസം യോഗേഷിന് ബൈക്ക് കൈമാറി.
ഓഗസ്റ്റ് 31 നാണ് യോഗേഷ് അലേകാരിക്ക് യുകെയില്‍ ബൈക്ക് നഷ്ടമായത്. മുംബൈ ടു ലണ്ടന്‍ ബൈക്ക് യാത്രയില്‍ ലണ്ടനില്‍ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച് വോളട്ടണ്‍ പാര്‍ക്കില്‍ പ്രഭാതഭക്ഷണത്തിനായി നിര്‍ത്തിയപ്പോഴാണ് മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് നോട്ടിങ്ങാം പൊലീസ് കേസ് എടുത്ത് ഊര്‍ജിതമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ബൈക്ക് കണ്ടെത്തിയിട്ടില്ല. ഒട്ടേറെ ബൈക്ക് മോഷ്ടാക്കളെ അന്വേഷണത്തിനിടയില്‍ പൊലീസ് കണ്ടെത്തിയെങ്കിലും യോഗേഷിന്റെ ബൈക്ക് ഇപ്പോഴും കാണാമറയത്താണ്.
മോഷണത്തിന് മുന്‍പ് തന്റെ കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍ബൈക്കില്‍ 17ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്ന് 33 വയസ്സുകാരനായ യോഗേഷ് അലോകാരി പറഞ്ഞിരുന്നു. തുടര്‍ന്നുള്ള യാത്രയ്ക്ക് ബൈക്ക് ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നു യോഗേഷ്. ബൈക്ക് മോഷണം യുകെയിലെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ബ്രിട്ടിഷുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പുതിയ ബൈക്കും വസ്ത്രങ്ങളും ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി മുന്നോട്ടു വന്നിരുന്നു.