ബര്‍മിങ്ങാം: ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ്. ബര്‍മിങ്ങാം ക്രൗണ്‍ കോടതിയാണ് സുര്‍ജിത് സിങ്(39) എന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കുറഞ്ഞത് 15 വര്‍ഷത്തെ തടവ് ശിക്ഷക്ക് ശേഷമേ പരോള്‍ പരിഗണിക്കുകയുള്ളു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ബര്‍മിങ്ങാമിലെ സോഹോ പ്രദേശത്തെ വീട്ടില്‍ വച്ചാണ് സുര്‍ജിത് തന്റെ 76-കാരിയായ അമ്മ മൊഹീന്ദര്‍ കൗറിനെ മാരകമായി മര്‍ദ്ദിച്ചത്. ടിവി റിമോട്ടിനെ കുറിച്ചുണ്ടായ തര്‍ക്കവും മദ്യപാനത്തെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതുമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വീട് വിട്ട് പോയ യുവാവ് വിവരം ബന്ധുവിനെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധു അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ ലിവിങ് റൂമില്‍ നിലത്ത് കിടക്കുന്ന നിലയില്‍ മൊഹീന്ദര്‍ കൗറിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് സംഭവസ്ഥലത്ത് തിരിച്ചെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതല്ലെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അതേസമയം, യുവാവ് അമ്മയെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ആക്രമണ സമയത്ത് ഇയാളുടെ രക്തത്തില്‍ കൊക്കെയ്നും മദ്യവും ഉണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.