ലണ്ടന്‍: തീവ്രവലതുപക്ഷ നേതാവ് ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ കൂറ്റന്‍ കുടിയേറ്റവിരുദ്ധറാലി. 1.10 ലക്ഷം പേര്‍ പങ്കെടുത്തെന്നാണു പൊലീസ് കണക്ക്. ബ്രിട്ടന്റെ പതാകയ്‌ക്കൊപ്പം ഇസ്രയേല്‍, യുഎസ് പതാകകളും പിടിച്ച പ്രകടനക്കാര്‍, ട്രംപിന്റെ 'മാഗാ' തൊപ്പികളും ധരിച്ചു. യുകെ പ്രധാനമന്ത്രി കിയ സ്റ്റാമര്‍ക്കെതിരെ മുദ്രാവാക്യമുയര്‍ന്നു. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അക്രമം ആയിരിക്കും വരുന്നതെന്നും ലേബര്‍പാര്‍ട്ടി സര്‍ക്കാരിനെ താഴെയിറക്കണമെന്നും റാലിയില്‍ വെര്‍ച്വലായി പ്രസംഗിച്ച ഇലോണ്‍ മസ്‌ക് പറഞ്ഞു. ബ്രിട്ടനില്‍ വിപ്ലവകരമായ സര്‍ക്കാര്‍മാറ്റം വരേണ്ടതുണ്ട്. വോട്ടുകിട്ടാനായി ഇടതുപക്ഷമാണു കുടിയേറ്റക്കാരെ ഇറക്കുമതി ചെയ്യുന്നത്. അതു തടയണം. 'അക്രമമാണു നിങ്ങളെ തേടിവരുന്നത്. തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക.' -മസ്‌ക് പറഞ്ഞു. യൂറോപ്പിലെ കുടിയേറ്റവിരുദ്ധരായ നേതാക്കളുടെ വിഡിയോ പ്രസംഗങ്ങളുമുണ്ടായിരുന്നു. അക്രമസംഭവങ്ങളില്‍ 26 പൊലീസുകാര്‍ക്കു പരുക്കേറ്റു. 25 പേര്‍ അറസ്റ്റിലായി.
ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും സജീവമായ വിഷയം കുടിയേറ്റമാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ ' റിഫോം യുകെ'യ്ക്കു സമീപകാലത്ത് അഭിപ്രായവോട്ടെടുപ്പുകളില്‍ പിന്തുണയേറുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റവിരുദ്ധറാലിക്കു പിന്നാലെ നടന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയില്‍ 5,000 പേര്‍ മാത്രമാണു പങ്കെടുത്തതെന്നു പൊലീസ് പറഞ്ഞു. ആരാണ് ടോമി റോബിന്‍സണ്‍ ? കുടിയേറ്റവിരുദ്ധ വലതുപക്ഷ പ്രചാരകന്‍. യുഎസിലെ ട്രംപ് അനുകൂല ഗ്രൂപ്പുകളുമായി അടുത്ത ബന്ധം. സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിംകള്‍ക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെയും വിദ്വേഷപരാമര്‍ശങ്ങളിലൂടെ അനുയായികളെ നേടിയെടുത്തു. വിദ്വേഷപരാമര്‍ശക്കേസില്‍ കോടതിയലക്ഷ്യത്തിനു 18 മാസം ജയിലില്‍ കിടന്നു.
ഇതിനിടെ സഹിഷ്ണുതയും വൈവിധ്യവുമാണു ബ്രിട്ടന്റെ ദേശീയപതാക പ്രതിനിധാനം ചെയ്യുന്നതെന്നും അത് അടിയറ വയ്ക്കില്ലെന്നും പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പറഞ്ഞു. ഈ പതാകയെ വിഭജനത്തിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രതീകമാക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും കുടിയേറ്റവിരുദ്ധ റാലിയോടുള്ള പ്രതികരണമായി സ്റ്റാമര്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാഷ്ട്രമൂല്യങ്ങളുടെ കാതലാണത്. റാലിയില്‍ പൊലീസിനുനേരെയുണ്ടായ അതിക്രമങ്ങളെ അദ്ദേഹം അപലപിച്ചു.